മുനമ്പം മനുഷ്യക്കടത്ത്: ചെറായി ബീച്ചില്‍ ആറ് റിസോര്‍ട്ടുകള്‍ പൂട്ടി മുദ്രവെച്ചു

സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മുനമ്പം സ്വദേശിയില്‍ നിന്നും വാങ്ങിയതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
മുനമ്പം മനുഷ്യക്കടത്ത്: ചെറായി ബീച്ചില്‍ ആറ് റിസോര്‍ട്ടുകള്‍ പൂട്ടി മുദ്രവെച്ചു

കൊച്ചി: മുനമ്പം തീരത്തെ മനുഷ്യക്കടത്തില്‍പ്പെട്ടവര്‍ താമസിച്ചെന്ന് കരുതുന്ന ആറ് റിസോര്‍ട്ടുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു. ചെറായി ബീച്ചിലെ റിസോര്‍ട്ടുകളാണ് പൊലീസ് മുദ്രവെച്ചത്. ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം ഇവിടെയാണ് താമസിച്ചിരുന്നത്. 

ഇതിനിടെ സംഘത്തിലുള്ള ഒരു കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ ഒരു മാസത്തേക്കുള്ള മരുന്ന് എഴുതി നല്‍കാനാണ് ഡോക്ടറോട് ആവശ്യപ്പെട്ടത്. പക്ഷേ കുഞ്ഞിന് ഡോക്ടര്‍ ഒരാഴ്ചത്തേക്കുള്ള മരുന്ന് മാത്രം നല്‍കി മടക്കി അയയ്ക്കുകയായിരുന്നു. കൈ ഒടിഞ്ഞ ഒരു ബാലനേയും ഈ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവര്‍ പ്ലാസ്റ്റര്‍ ഇട്ടശേഷം ആശുപത്രി വിട്ടെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മുനമ്പം സ്വദേശിയില്‍ നിന്നും വാങ്ങിയതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് ബോട്ട് വാങ്ങിയത്. ഉടമസ്ഥരില്‍ ഒരാള്‍ തിരുവന്നതപുരത്തുകാരനും മറ്റേയാള്‍ കുളച്ചല്‍കാരനുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ബോട്ട് വില്‍പ്പനയ്ക്കുള്ള ഇടപാടുകള്‍ നടക്കുമ്പോഴെല്ലാം ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള സംഘം ചെറായിയിലെ ചെറുകിട റിസോര്‍ട്ടുകളില്‍ താമസിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com