ആലപ്പാട്ടെ ഖനനം നിര്‍ത്തണം ; ജനിച്ച നാട്ടില്‍ കഴിയാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി എസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2019 10:59 AM |
Last Updated: 17th January 2019 10:59 AM | A+A A- |
തിരുവനന്തപുരം : ആലപ്പാടെ കരിമണല്‍ ഖനനം തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ജനിച്ച നാട്ടില്‍ കഴിയാനുള്ള ആഗ്രഹങ്ങള്‍ക്ക്, കരിമണലിനേക്കാള്‍ വിലയുണ്ട്. ലാഭചിന്തയിലൂടെയല്ല അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ കാണേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടു.
ആലപ്പാട്ടെ ഖനനം തുടരുന്നത് തുടര്‍പഠനത്തിന് ശേഷം മതി. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് വരെ വരുന്നത് വരെ കാത്തിരിക്കണം. നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
കരിമണല്‍ ഖനനത്തിനെതിരായ സമരത്തില്‍ വ്യവസായ മന്ത്രി ഇന്ന് സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. സമരക്കാര്‍ക്ക് ഒപ്പമാണ് തങ്ങളെന്ന് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.
ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ ആയിരുന്ന മുല്ലക്കര രത്‌നാകരന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഐആര്‍ഇ ഖനനം നടത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം ഇല്ലാതെയാകുമെന്ന ആശങ്കയും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഖനനത്തിനെതിരെ പ്രദേശവാസിയായ കെ എം സക്കീര്‍ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും നോട്ടീസും അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്.