ആ ശങ്ക തീര്‍ക്കാന്‍ റോഡരികോ ഇടവഴികളോ തേടേണ്ടതില്ല; ഗൂഗിളില്‍ കയറി കാര്യം സാധിക്കാം

'ടോയ്‌ലറ്റ് നിയര്‍ മീ' എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും
ആ ശങ്ക തീര്‍ക്കാന്‍ റോഡരികോ ഇടവഴികളോ തേടേണ്ടതില്ല; ഗൂഗിളില്‍ കയറി കാര്യം സാധിക്കാം


കോഴിക്കോട്: ആ'ശങ്ക' തീര്‍ക്കാന്‍ ഇനി സ്ഥലം തപ്പി നടക്കേണ്ടതില്ല. സഹായത്തിന് ഗൂഗിളിനെ ആശ്രയിച്ചാല്‍ മതി. ഗൂഗിള്‍ പറഞ്ഞുതരും നഗരത്തില്‍ എവിടെയുണ്ട് ശുചിമുറികള്‍ എന്ന്. ഉപയോഗയോഗ്യമാണോ എന്ന കാര്യത്തില്‍ മാത്രം ആശങ്ക തുടരും.

ഗൂഗിളില്‍ തപ്പി ചെല്ലുമ്പോള്‍ പൂട്ടിക്കിടക്കുന്ന ശുചിമുറിയാണ് കാണുന്നതെങ്കിലോ? കോഴിക്കോട് നഗരത്തില്‍ അതിനുള്ള സാധ്യത കൂടുതലാണ്. ഇതൊന്നു പരിശോധിക്കാന്‍ കടപ്പുറത്തെ ശുചിമുറിയിലേക്ക് മാപ്പ് തുറന്ന് വഴി തിരഞ്ഞെടുത്ത് ചെന്നുനോക്കൂ. 'കാര്യം' സാധിക്കാതെ നിര്‍വൃതി അടയുകയേ നിവൃത്തിയുള്ളു. ഇവിടെയുണ്ടായിരുന്ന ശുചിമുറികള്‍ പണ്ടേ പൂട്ടിക്കിടക്കുകയാണ്. പകരം ബയോ ശുചിമുറി ഉണ്ടെങ്കിലും ചെല്ലുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കിലേ അതു തുറന്നിട്ടുണ്ടാവൂ. ഒട്ടുമിക്ക ശുചിമുറികളുടെയും അവസ്ഥ വ്യത്യസ്തമല്ല. 

സമീപകാലത്താണ് ശുചിമുറികളുടെ സ്ഥാനം ഇന്റര്‍നെറ്റിലൂടെ ലഭ്യമായിത്തുടങ്ങിയത്. സ്വച്്ഛ് ഭാരത് അഭിയാനു കീഴില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പൊതുശുചിമുറികള്‍ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇതിനായി ഗൂഗിള്‍ പൊതുജനങ്ങളോട് സമീപത്തുള്ള വൃത്തിയുള്ള ശുചിമുറികള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവാരം അനുസരിച്ച് മാര്‍ക്ക് ഇടാനും ശുചിമുറിയുടെ ചിത്രം അപ്‌ലോഡ് ചെയ്യാനും കഴിയും. നഗരത്തില്‍ എത്തുന്ന അപരിചിതര്‍ക്ക് ഏറെ ഉപകാരമാണിത്.

കടപ്പുറത്തെ 3 ശുചിമുറികള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ 2 ശുചിമുറികള്‍, റെയില്‍വേ സ്‌റ്റേഷനിലെ 3 ശുചിമുറികള്‍, പുതിയ സ്റ്റാന്‍ഡ്, പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫിസിനു സമീപം, ജില്ലാ കോടതിക്കു സമീപം, ചെറൂട്ടി റോഡ് തുടങ്ങി ഇരുപതോളം ശുചിമുറികളുടെ സ്ഥാനം നിലവില്‍ ലഭ്യമാണ്. കാലം മാറി, ശുചിമുറികള്‍ നെറ്റില്‍ കയറി. പക്ഷേ, നമ്മുടെ ശീലം മാത്രം മാറുന്നില്ലെങ്കില്‍ ആരെ കുറ്റം പറയണം?. കയ്യിലൊരു സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ശുചിമുറി കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഗൂഗിള്‍ മാപ്പ് തുറക്കുക. അല്ലെങ്കില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറക്കുക. 'ടോയ്‌ലറ്റ് നിയര്‍ മീ' എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും. ഓരോ ശുചിമുറിയിലേക്കും എത്ര ദൂരമുണ്ട്, നടന്നുപോയാല്‍ എത്ര സമയമെടുക്കും എന്നീ വിവരങ്ങളും കാണാം. വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇ–ശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള അവസരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com