തെക്ക് നിന്ന് സിപിഎം, വടക്ക് നിന്ന് സിപിഐ; തൃശൂരില്‍ സംഗമം: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ പ്രചാരണ ജാഥകളുമായി എല്‍ഡിഎഫ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് രണ്ട് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും
തെക്ക് നിന്ന് സിപിഎം, വടക്ക് നിന്ന് സിപിഐ; തൃശൂരില്‍ സംഗമം: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ പ്രചാരണ ജാഥകളുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് രണ്ട് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. മോദിയെ അധികാരഭ്രഷ്ടനാക്കുക, കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഇടതുമുന്നണി ജാഥകള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം ജാഥകള്‍ ആരംഭിക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുമാണ് ജാഥകള്‍.

തെക്കന്‍ മേഖലാ ജാഥ സിപിഎമ്മും വടക്കന്‍ മേഖലാ ജാഥ സിപിഐയും നയിക്കും. രണ്ട് ജാഥകളും മാര്‍ച്ച് രണ്ടിന് ബഹുജനറാലിയോടെ തൃശൂരില്‍ സമാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണം നടത്തും. എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗമാണ് പ്രചാരണത്തിന് രൂപം നല്‍കിയത്. കേരളത്തില്‍ നിന്ന് കൂടുതല്‍ ഇടതുപക്ഷ അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കുന്നതിന് എല്‍ഡിഎഫിനെ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ഘടകകക്ഷി നേതാക്കളും ജാഥയില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജാഥകള്‍ പ്രചാരണം നടത്തും. സംസ്ഥാനതലജാഥകള്‍ക്കു മുന്നോടിയായി ഈ മാസം 25 നു മുന്‍പ് ഇടതുമുന്നണി ജില്ലാ സമിതികളും 30നു മുന്‍പ് അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റികളും ചേരും. ബൂത്ത് തലം വരെ പ്രവര്‍ത്തകരെ സജ്ജമാക്കും.

മോദിയെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്നതിനൊപ്പം മൃദുഹിന്ദുത്വ നിലപാടും അവസരവാദപരമായ സമീപനവും തുടരുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുകയും ചെയ്യും. രാജ്യത്തിന്റെ പുരോഗതിക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഉതകുന്ന ഇടതുപക്ഷ ബദല്‍നയം അവതരിപ്പിക്കും. പ്രധാനമന്ത്രിയുടേതല്ല, സംഘപരിവാര്‍ പ്രചാരകന്റെ ശൈലിയാണ് നരേന്ദ്ര മോദിയില്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹം കേരളത്തില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഈ ശൈലിയാണ് കണ്ടത്. സാമൂഹ്യ അന്തരീക്ഷത്തെ മോശപ്പെടുത്തുന്ന തരത്തില്‍ ബിജെപിയും ആര്‍എസ്എസും കുപ്രചരണങ്ങളുമായി രംഗത്തുണ്ട്. ഇവര്‍ക്കു പരോക്ഷമായ പിന്തുണ കോണ്‍ഗ്രസ് നല്‍കുകയാണ്. 

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയെ തകര്‍ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രയാസകരമായ അവസ്ഥയിലും സംസ്ഥാനം കൈവരിക്കുന്ന നേട്ടങ്ങളെ പോലും ദുര്‍ബലമാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നതു തന്നെയാണ് പരമപ്രധാനമായ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനോടും ഇതേ നിലപാടു തന്നെയാണ് ഇടതുമുന്നണിക്കുള്ളത്. മതജാതി രാഷ്ട്രീയത്തിന്റെ പ്രചാരകരായി കോണ്‍ഗ്രസ് മാറുകയാണ്. കേരളത്തിന്റെ പൊതുമുന്നേറ്റത്തിനോ വളര്‍ച്ചയ്‌ക്കോ ഉതകുന്ന യാതൊന്നും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിട്ടില്ല.

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അഭിനന്ദനീയമാണ്. മണ്ഡലകാലം സമാധാനപരമായി നടത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. വനിതാ മതില്‍ വിജയമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച നവോത്ഥാന സമിതി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമൊന്നും ഇല്ല. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ നിലപാടു തന്നെയാണു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com