പിസി ജോര്‍ജ്ജിനെ വേണ്ടേവേണ്ട; കോട്ടയം, ഇടുക്കി സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; യുഡിഎഫ് യോഗം

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കരുതെന്ന് യുഡിഎഫ് ഘടകകക്ഷികള്‍
പിസി ജോര്‍ജ്ജിനെ വേണ്ടേവേണ്ട; കോട്ടയം, ഇടുക്കി സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; യുഡിഎഫ് യോഗം


തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കരുതെന്ന് യുഡിഎഫ് ഘടകകക്ഷികള്‍. ജോര്‍ജ്ജിന്റെ അപേക്ഷ പോലും പരിഗണിക്കരുതെന്നും ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന മുന്നണിയോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.  ജോര്‍ജ്ജ് മുന്നണിയിലെത്തിയാല്‍ യുഡിഎഫിന് ഒരുതരത്തിലും നേട്ടമാകില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പായി ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താവൂ എന്നും ഘടകക്ഷികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഒരു സീറ്റ് കൂടി കൂടുതല്‍ വേണമെന്ന ആവശ്യം കേരളകോണ്‍ഗ്രസ് എം യോഗത്തില്‍ ഉന്നയിച്ചു. ഇടുക്കി സീറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഇടുക്കി സീറ്റ് വേണമെന്ന് പിജെ ജോസഫ് വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. കേരളാ കോണ്‍ഗ്രസിനായി പിജെ ജോസഫും ജോസ് കെ മാണിയുമാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം ഇടുക്കി സീറ്റിനായി ആവശ്യവുമായി ജേക്കബ് ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ ജോണി നെല്ലൂരാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്

പതിവിന് വ്യത്യസ്തമായി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചരണം ആരംഭിക്കാനാണ് യുഡിഎഫിന്റെ നീക്കം.അതിന്റെ മുന്നോടിയായാണ് നേരത്തെതന്നെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള യുഡിഎഫ് തീരുമാനം. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ആര്‍എസ്പിയുമടക്കം പഴയ മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീരേന്ദ്രകുമാര്‍ മല്‍സരിച്ചിരുന്ന പാലക്കാടും കോണ്‍ഗ്രസ് ഏറ്റെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com