യുഡിഎഫ് നേതൃയോ​ഗം ഇന്ന് ; മുന്നണി വിപുലീകരണവും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ചയാകും

ബിജെപിയുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായമുണ്ട്
യുഡിഎഫ് നേതൃയോ​ഗം ഇന്ന് ; മുന്നണി വിപുലീകരണവും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ചയാകും

തിരുവനന്തപുരം : യു‍ഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോ​ഗത്തിൽ ചർച്ചയാകും. ആലപ്പാട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങളും യോ​ഗത്തിൽ ചർച്ചയാകും. 

എൻഡിഎ വിട്ട ജെ.എസ്.എസ്. (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ യുഡിഎഫ് വിട്ടപ്പോൾ മാറി നിന്ന ഒരുവിഭാഗം എന്നിവ മുന്നണിപ്രവേശത്തിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ജനപക്ഷത്തെ യു.ഡി.എഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജും കത്ത് നൽകിയിട്ടുണ്ട്. 

ബിജെപിയുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. പി സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിൽ കേരള കോൺ​ഗ്രസ് നേതാവ് കെ എം മാണിയുടെ നിലപാടും നിർണായകമാകും. ബാർകോഴ കേസിൽ അടക്കം മാണിക്കെതിരെ ശക്തമായി രം​ഗത്തു വന്ന ജോർജിനെ വീണ്ടും ഉൾക്കൊള്ളാൻ മാണി തയ്യാറാകുമോ എന്നതും ജനപക്ഷത്തിന് നിർണായകമാണ്. 
 
സഹകരിക്കുന്ന കക്ഷികൾക്ക് അസോസിയേറ്റ് അംഗത്വം നൽകുന്ന രീതി യുഡിഎഫിനുണ്ട്. അസോസിയേറ്റ് അംഗത്വം നൽകി തുടർന്ന് പൂർണ അംഗത്വവും നൽകുന്ന രീതിയായിരിക്കും ഈ കക്ഷികളുടെ കാര്യത്തിലും എടുക്കുക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ  കഴിയുന്നത്ര കക്ഷികളെ ഒപ്പം കൂട്ടണമെന്ന താത്പര്യമാണ് പൊതുവിൽ മുന്നണിയിലുള്ളത്. ഇടതുമുന്നണി നാലു പാർട്ടികളെ ഉൾപ്പെടുത്തി അടുത്തിടെ വിപുലീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com