സര്‍ക്കാര്‍ ഉളുപ്പില്ലാതെ കള്ളം പറയുന്നു ; കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദം തള്ളി രാഹുല്‍ ഈശ്വര്‍
സര്‍ക്കാര്‍ ഉളുപ്പില്ലാതെ കള്ളം പറയുന്നു ; കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദം തള്ളി അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ കോടതിയില്‍ ഉളുപ്പില്ലാതെ കള്ളം പറയുകയാണ്. കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. 

നേരത്തെ ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ മുഖ്യമന്ത്രി പറഞ്ഞ യുവതിയും ദൃശ്യങ്ങളിലുള്ള സ്ത്രീയും രണ്ടാണെന്ന് തെളിഞ്ഞു. ഇത്തരത്തിലുള്ള കള്ളമാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. 

യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ശബരിമലയിലെ സിസിടിവി ക്യാമറകളില്‍ ഈ വിഷ്വല്‍സ് ഉണ്ടാകുമല്ലോ. എങ്കില്‍ സര്‍ക്കാര്‍ ഈ യുവതികള്‍ കയറിയ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. 

ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യുവതികളുടെ പേര് അടങ്ങുന്ന പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആന്ധ്ര സ്വദേശിനികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഏറെയും. യുവതികളുടെ ആധാര്‍ വിവരങ്ങളും പട്ടികയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് വിശ്വാസികളുടെ അഭിഭാഷകനായ അഡ്വ മാത്യു നെടുമ്പാറ കോടതിയില്‍ പറഞ്ഞു. എത്ര യുവതികള്‍ ശബരിമലയില്‍ കയറി എന്നത് കോടതിയുടെ വിഷയമല്ലെന്നും, ബിന്ദുവിനും കനകദുര്‍ഗയ്ക്കും അവര്‍ ആവശ്യപ്പെടുന്ന സംരക്ഷണം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ശബരിമലയില്‍ നടക്കുന്നത് കോടതിക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com