അഗസ്ത്യാര്‍മല കയറാന്‍ കൂടുതല്‍ സ്ത്രീകള്‍: ഒന്‍പതംഗ സംഘത്തില്‍ 50 പിന്നിട്ട മൂന്ന് സ്ത്രീകളും

അഗസ്ത്യാര്‍കൂട മല കയറാന്‍ ഇന്ന് ഒന്‍പത് സ്ത്രീകള്‍ കൂടി
അഗസ്ത്യാര്‍മല കയറാന്‍ കൂടുതല്‍ സ്ത്രീകള്‍: ഒന്‍പതംഗ സംഘത്തില്‍ 50 പിന്നിട്ട മൂന്ന് സ്ത്രീകളും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട മല കയറാന്‍ ഇന്ന് ഒന്‍പത് സ്ത്രീകള്‍ കൂടി രംഗത്തെത്തി. അന്‍പത് വയസ് പ്രായം കഴിഞ്ഞ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് അഗസ്ത്യാര്‍കൂട മലയില്‍ ട്രെക്കിങ്ങിനെത്തുക. വിവിധ വനാതാകൂട്ടായ്മകളില്‍ ഉള്‍പ്പെടുന്നവരാണ് ഇന്ന് മല കയറാന്‍ എത്തുന്നത്. 

'അഗസ്ത്യനെ കാണാം' എന്ന വാട്‌സ്ആപ് ഗ്രൂപ്പാണ് ഇവരെ ഒന്നിപ്പിച്ചത്. സുല്‍ഫത്ത്, സിസിലി, യമ എന്നിവരാണ് കൂട്ടത്തിലെ അന്‍പത് കഴിഞ്ഞ സ്ത്രീകള്‍. പ്രായം ഒരു തടസമല്ലെന്നും പുരുഷന് കഴിയുമെങ്കില്‍ തങ്ങള്‍ക്കും കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂട്ടായ്മയിലെ കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടാനെത്തും. 

ജനുവരി 14ന് ആണ് അഗസ്ത്യാര്‍കൂടയാത്രയ്ക്ക് തുടക്കാമായത്. അന്നേദിവസം തന്നെ പ്രതിരോധവക്താവായ ധന്യ സനലാണ് ഹൈക്കോടതി വിധി വന്നതിന് ശേഷം ആദ്യമായി മലചവിട്ടി ചരിത്രത്തിലിടം നേടിയത്. സ്ത്രീകളെ ട്രെക്കിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല എന്ന് പറഞ്ഞാണ് ഹൈക്കോടതി നിരോധനം നീക്കിയത്. ജനുവരി 14 മുതല്‍ മാര്‍ച്ച് 1 വരെയാണ് അഗസ്ത്യാര്‍കൂടം ട്രക്കിംഗ് നടക്കുക. 

സ്ത്രീകള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശനം നേരത്തെ വനംവകുപ്പ് വിലക്കിയിരുന്നു. വിവിധ സ്ത്രീകൂട്ടായ്മകളുടെ സമരങ്ങള്‍ക്കൊടുവിലാണ് ഒടുവില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. അന്വേഷി (കോഴിക്കോട്), വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂര്‍) എന്നീ സംഘടനകളാണ് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന അനുകൂലവിധിക്ക് വേണ്ടി കോടതിയെ സമീപിച്ചത്.

അഗസ്ത്യാര്‍കൂടം മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി ആദിവാസി വിഭാഗവും ചില സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം കൊണ്ടുവന്നത്. സ്ത്രീകള്‍ മല കയറുന്നത് ആചാരലംഘനമായാണ് കാണി വിഭാഗം കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com