ഞാന്‍ പിണറായി വിജയന്‍, സിപിഎം...; എല്‍ഡിഎഫില്‍ 'പ്രവേശനോത്സവം'!

പുതിയ പാര്‍ട്ടികളുടെ മുന്നണി പ്രവേശനത്തിന് ശേഷം കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം അക്ഷാര്‍ത്ഥത്തില്‍ 'പ്രവേശനോത്സവമായി
ഞാന്‍ പിണറായി വിജയന്‍, സിപിഎം...; എല്‍ഡിഎഫില്‍ 'പ്രവേശനോത്സവം'!

തിരുവനന്തപുരം: പുതിയ പാര്‍ട്ടികളുടെ മുന്നണി പ്രവേശനത്തിന് ശേഷം കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം അക്ഷാര്‍ത്ഥത്തില്‍ 'പ്രവേശനോത്സവമായി'. അതിന് തുടക്കമിട്ടതോ മുഖ്യമന്ത്രി പിണറായി വിജയനും.  'പ്രവേശനോത്സവം' നടന്നാല്‍ ആദ്യം പരിചപ്പെടണമല്ലോ അതുകൊണ്ട് യോഗാധ്യക്ഷനായ മുഖ്യമന്ത്രി ആ നിര്‍ദേശം മുന്നോട്ടുവച്ചു: 'നമുക്കെല്ലാം ആദ്യം പരസ്പരം പരിചയപ്പെടാം, ഞാന്‍ പിണറായി വിജയന്‍, സിപിഎം!''എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗത്തിനെത്തിയവര്‍ ആദ്യം ഒന്ന് അമ്പരന്നു, പിന്നെ അതു ചെറുചിരിക്കു വഴിമാറി. പിന്നെ കോടിയേരി പറഞ്ഞു: 'ഞാന്‍ കോടിയേരി ബാലകൃഷ്ണന്‍..' അങ്ങനെ കേരളത്തിലെ ഇടതുമുന്നണി നയിക്കുന്ന നേതാക്കളെല്ലാവരും പരസ്പരം പരിചയപ്പെടുത്തിയപ്പോള്‍ മന്ത്രിമാരും ഒഴിഞ്ഞുനിന്നില്ല. മന്ത്രിയാണെന്നും പറഞ്ഞില്ല. പേരും പാര്‍ട്ടിയും മാത്രം.

നാലു കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച ആദ്യയോഗമാണ് പരിചയപ്പെടുത്തലിന് വേദിയായത്. 10 കക്ഷികളില്‍നിന്നായി മുപ്പതോളം പേര്‍ യോഗത്തിനെത്തിയപ്പോള്‍ ഹാള്‍ ഞെരുങ്ങി. സാധാരണ 18-20 പേരാണ് എല്‍ഡിഎഫിനെത്തുക. മേശയ്ക്ക് ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിടേണ്ടിവന്നു. അടുത്ത യോഗം മുതല്‍ ചെറു കസേരകളാക്കിയാല്‍ സ്ഥലം ലാഭിച്ചു കാലു നീട്ടിയിരിക്കാമെന്നുമുള്ളതായി വിപുലീകരിച്ച എല്‍ഡിഎഫിന്റെ 'ആദ്യ തീരുമാനം!'

പുതിയ കക്ഷികളെ പ്രതിനിധീകരിച്ച് ആര്‍. ബാലകൃഷ്ണപിള്ള, കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ്-ബി), എം.വി.ശ്രേയാംസ്‌കുമാര്‍, ഷെയ്ഖ് പി. ഹാരിസ് (എല്‍ജെഡി) എ.പി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍) ഫ്രാന്‍സിസ് ജോര്‍ജ്, ഡോ:കെ.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരാണ് 'പ്രവേശനോത്സവത്തി'നെത്തിയത്. ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതിനുള്ള നന്ദി ഓരോ കക്ഷിയും അറിയിച്ചു. ചായയ്‌ക്കൊപ്പം ഒരു പലഹാരമാണ് പതിവെങ്കിലും ഇത്തവണ ഉണ്ണിയപ്പം രണ്ടുവീതം! 'കൊട്ടാരക്കര ഉണ്ണിയപ്പമാണോ'യെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ള കുലുങ്ങിച്ചിരിച്ചു. പ്രവേശനോത്സവം കെങ്കേമമായി നടന്നെങ്കിലും മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് കല്ലുകടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com