പത്തനംതിട്ട 'സെയ്ഫല്ല': തൃശൂര്‍ വിജയ സാധ്യതയുള്ള മണ്ഡലം; കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ നീക്കം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
പത്തനംതിട്ട 'സെയ്ഫല്ല': തൃശൂര്‍ വിജയ സാധ്യതയുള്ള മണ്ഡലം; കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ നീക്കം

തൃശൂര്‍: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആദ്യം ആലോചനകള്‍ നടന്നെങ്കിലും യുഡിഎഫ് സിറ്റിങ് എംപി ആന്റോ ആന്റണിയെത്തന്നെ മത്സിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിജയ സാധ്യത കുറവായിരിക്കും എന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിജെപി വിജയസാധ്യത കണക്കുകൂട്ടുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളില്‍ തൃശൂര്‍ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വം നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ കണ്ണന്താനത്തെ തൃശൂരിലിറക്കി സുരേന്ദ്രന് മറ്റൊരു മണ്ഡലം നല്‍കാനാണ് സംസ്ഥാന ഘടകത്തിന്റെ ആലോചന. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, പാലക്കാട് എന്നീ മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാണ് പാര്‍ട്ടി തീരുമാനം. 

നിലവില്‍ സിപിഐയുടെ സി എന്‍ ജയദേവനാണ് തൃശൂരിലെ എംപി. സിപിഐയുടെ ഒരേയൊരു എംപിയായ ജയദേവന് രണ്ടാമതും അവസരം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് എതിര്‍പ്പുണ്ട്. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രനെ രംഗത്തിറക്കും എന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com