പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു; നാലുമണിക്കകം ഇരുവിഭാഗങ്ങളും പിന്‍മാറണമെന്ന് കളക്ടര്‍ അനുപമ

പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു - നാലുമണിക്കകം ഇരുവിഭാഗങ്ങളും പിന്‍മാറണമെന്ന് കളക്ടര്‍ അനുപമ
പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു; നാലുമണിക്കകം ഇരുവിഭാഗങ്ങളും പിന്‍മാറണമെന്ന് കളക്ടര്‍ അനുപമ

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പളളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളോട് പളളിയില്‍ നിന്ന് പിന്‍മാറണമെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ ടിവി അനുപമ. തീരുമാനം നാലുമണിക്കകം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഇരുവിഭാഗങ്ങളുമായി ജില്ലാഭരണകൂടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ജില്ലാ കളക്ടര്‍ക്ക് പുറമെ എസ്പി യതീഷ് ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുവിഭാഗങ്ങളെയും വ്യത്യസ്തമായി വിളിച്ചാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. ഇരുവിഭാഗങ്ങളും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 

സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന്  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. സംഭവത്തില്‍ 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com