മുനമ്പം മനുഷ്യക്കടത്ത്: 230 പേരെ കടത്തിയത് ന്യൂസിലന്‍ഡിലേക്ക്, കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഒരാളില്‍നിന്ന് ഒന്നരലക്ഷം രൂപ വീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊടുങ്ങല്ലൂര്‍: മുനമ്പത്തുനിന്ന് പോയവര്‍ ന്യൂസിലന്‍ഡിലേക്കാണ് കടന്നതെന്ന് പൊലീസ് സ്ഥിരീകരണം. സ്ത്രീകളും കുട്ടികളുമടക്കം 230 പേരാണ് ന്യൂസീലന്‍ഡിലേക്ക് കടന്നത്.  മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂര്‍ സ്വദേശിയും കോവളം വേങ്ങാനൂരില്‍ താമസക്കാരനുമായ ശ്രീകാന്ത്, മറ്റൊരു പ്രധാനി ഡല്‍ഹി സ്വദേശി രവീന്ദ്രന്‍ എന്നിവരും ന്യൂസീലന്‍ഡിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

കൊടുങ്ങല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 52 ബാഗുകളും മനുഷ്യക്കടത്ത് സംഘത്തിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ചെറായി എന്നിവിടങ്ങളില്‍ താമസിച്ചാണ് സംഘം മുനമ്പത്ത് ഒത്തുകൂടിയത്. കടന്നവരില്‍ 80 പേര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളും മറ്റുള്ളവര്‍ ഡല്‍ഹിക്കാരുമാണ്. ഒരാളില്‍നിന്ന് ഒന്നരലക്ഷം രൂപ വീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൊടുങ്ങല്ലൂര്‍ സിഐ പികെ പദ്മരാജന്‍ പറഞ്ഞു.

400ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. 230 പേര്‍ ന്യൂസിലന്‍ഡിലേക്ക് കടന്നപ്പോള്‍ ബാക്കിയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. കുടുംബമായെത്തിയവരില്‍ എല്ലാവര്‍ക്കും പോകാന്‍ കഴിഞ്ഞിട്ടില്ല. ചിലരുടെ ഭാര്യമാര്‍ക്ക് പോകാന്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. അതുപോലെ പലരുടെയും കുട്ടികള്‍ക്കും പോകാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലക്കുറവും ഭാരക്കൂടുതലും കാരണമാണ് ബാഗുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്നു. 

മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റുമാരായ ശ്രീകാന്തും സംഘവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊടുങ്ങല്ലൂരിലെ ഹോട്ടലുകളില്‍ മാറിമാറി താമസിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്നുമുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയെത്തിയിട്ടുണ്ട്. ശ്രീകാന്ത് സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷന്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com