എസ്‌റ്റേറ്റ് ഉടമയുടെയും തൊഴിലാളിയുടെയും കൊലപാതകം: പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 19th January 2019 10:20 AM |
Last Updated: 19th January 2019 10:20 AM | A+A A- |

തൊടുപുഴ: ചിന്നക്കനാല്‍ നടുപ്പാറ എസ്‌റ്റേറ്റ് ഉടമ ജോക്കബ് വര്‍ഗീസിനെയും തൊഴിലാളി മുത്തയ്യയേയും കൊലപ്പെടുത്തി ഒളിവില്‍ പോയ ഒന്നാം പ്രതി ബോബിനെ ഇന്ന് കേരളത്തിലെത്തിക്കും. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാളെ ഇന്നലെ രാത്രി പത്തരയോടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പളനിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസ് പിടിയില്‍ ആവുകയായിരുന്നു. ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചയോ ആയി പ്രതിയെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തില്‍ ശാന്തപ്പാറ സിഐയുടെ നേതൃത്വത്തില്‍ ബോബിനെ ചോദ്യം ചെയ്യുകയാണ്.
ബോബിന്‍ പിടിയിലായതോടെ കെകെ എസ്‌റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ അതോ കൊലപാതകത്തിന് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നത് ചോദ്യം ചെയ്യലിലേ വ്യക്തമാവുകയുള്ളൂ.
കഴിഞ്ഞ ഞായറാഴ്ചയാണ് ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്‌റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.
എസ്‌റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയി. ബോബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുകയും, മോഷ്ടിച്ച ഏലം വില്‍ക്കാന്‍ സഹായിക്കുകയും ചെയ്ത ചേറ്റുപാറ സ്വദേശികളായ ദമ്പതികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.