അങ്ങനെയിപ്പോള്‍ സിപിഎമ്മില്‍ ലയിക്കേണ്ട; സിഎംപിക്കാര്‍ക്ക് കോടതിയുടെ നോട്ടീസ്

സിപിഎമ്മില്‍ ലയിക്കാനുള്ള സിഎംപിയുടെ ഒരുവിഭാഗത്തിന്റെ നീക്കത്തിന് എതിരെ കോടതി നോട്ടീസ്.
അങ്ങനെയിപ്പോള്‍ സിപിഎമ്മില്‍ ലയിക്കേണ്ട; സിഎംപിക്കാര്‍ക്ക് കോടതിയുടെ നോട്ടീസ്


കൊച്ചി: സിപിഎമ്മില്‍ ലയിക്കാനുള്ള സിഎംപിയുടെ ഒരുവിഭാഗത്തിന്റെ നീക്കത്തിന് എതിരെ കോടതി നോട്ടീസ്. ലയനനീക്കം പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നുമാവശ്യപ്പെട്ട് സിഎംപി സ്ഥാപക നേതാവ് എംവി രാഘവന്റ മകനും സംസ്ഥാന സെക്രട്ടറിയുമായ എംവി രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോതി നോട്ടീസ് അയച്ചിരിക്കുന്നത്. 

ലയനത്തിന് നേതൃത്വം നല്‍കുന്ന എംകെ കണ്ണന്‍, ടിസിഎച്ച് വിജയന്‍, പാട്യം രാജന്‍ എന്നിവര്‍ക്ക് അടിയന്തര നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടതായി രാജേഷ് പറഞ്ഞു. ലയനതീരുമാനമത്തെ എതിര്‍ത്ത തന്നെയുള്‍പ്പെടെ എംകെ കണ്ണന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്താക്കിയതും കോടതി തടഞ്ഞുവെന്ന് രാജേഷ് വ്യക്തമാക്കി. 

എംകെ കണ്ണന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി വിഭാഗമാണ് സിപിഎമ്മില്‍ ലയിക്കാന്‍ ഒരുങ്ങുന്നത്. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് എംകെ കണ്ണന്‍ നേരത്തെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ എ0ല്ലാ ജില്ലകളില്‍ നിന്നുമുള്ള 600ത്തോളം പാര്‍ട്ടി അംഗങ്ങള്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കണ്ണന്‍ പറഞ്ഞു. ഫെബ്രുവരി 3ന് വൈകുന്നേരം 3 മണിക്ക് കൊല്ലം ക്യുഎസി മൈതാനത്താണ് സമ്മേളനം നടക്കുക. സ്ഥാനമാനങ്ങളോ അധികാരമോ ആഗ്രഹിച്ചല്ല സിഎംപി സിപിഎമ്മില്‍ ലയിക്കുന്നതെന്നും രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സിപിഎമ്മിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ലയിക്കാനുള്ള തീരുമാനമെടുത്തതെന്നും കണ്ണന്‍ ചൂണ്ടിക്കാട്ടി.

എം വി രാഘവന്‍ ജീവിച്ചിരുന്ന കാലം മുതല്‍ സിപിഎമ്മിലേക്കു പോകാനുള്ള തീരുമാനമെടുത്തതാണ്. അന്നു മുതല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി വരികയാണ്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയിക്കാനുള്ള തീരുമാനമെടുത്തത്. ലയന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയാണ് കോഴിക്കോട് ഇന്ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ 43 പേര്‍ പങ്കെടുത്തു. പത്ത് പേര്‍ അസുഖത്തെ തുടര്‍ന്ന് അവധി എടുത്തിരുന്നുവെന്നും കണ്ണന്‍ പറഞ്ഞു.

എം വി രാഘവന്റെ മകന്‍ എം വി രാജേഷിനെ നേരത്തെ പുറത്താക്കിയിരുന്നു. സിഎംപിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മറ്റി ഓഫീസുകള്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് അതേ നിലയില്‍ നില നില്‍ക്കും. പിന്നീട് ഓഫീസ് സംബന്ധിച്ച തീരുമാനം സിപിഎം തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com