ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം : ബോബിന്‍ പിടിയിലാകുന്നത് 'പേട്ട' കണ്ടിറങ്ങുമ്പോള്‍ ; മധുരയിലെത്തിയത് കൊടുംകാട്ടിലൂടെ

ഒമ്പതു കിലോമീറ്ററോളം വനത്തിലൂടെ നടന്നാണ് ബോബിന്‍ മധുരയിലെത്തിയത്
ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം : ബോബിന്‍ പിടിയിലാകുന്നത് 'പേട്ട' കണ്ടിറങ്ങുമ്പോള്‍ ; മധുരയിലെത്തിയത് കൊടുംകാട്ടിലൂടെ

തൊടുപുഴ : ചിന്നക്കനാല്‍ നടുപ്പാറ എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസിനെയും തൊഴിലാളി മുത്തയ്യയേയും കൊലപ്പെടുത്തി ഒളിവില്‍ പോയ ഒന്നാം പ്രതി ബോബിനെ പൊലീസ് പിടികൂടുന്നത് മധുരയില്‍ വെച്ച്. രജനീകാന്തിന്റെ പുതിയ സിനിമയായ പേട്ട കണ്ട് ഇറങ്ങുമ്പോഴാണ് ബോബിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. 

രണ്ട് ദിവസം ബോബിന്‍ മധുരയില്‍ കഴിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഒമ്പതു കിലോമീറ്ററോളം വനത്തിലൂടെ നടന്നാണ് ബോബിന്‍ മധുരയിലെത്തിയത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. എസ്റ്റേറ്റ് ഉടമയെ കൊലപ്പെടുത്തി പണം തട്ടിയെടുത്ത് രാജ്യത്ത് കറങ്ങിനടക്കാനും, ആഡംബര ജീവിതം നയിക്കാനുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. 


എസ്റ്റേറ്റില്‍ നിന്നും പിസ്റ്റള്‍  പൊലീസ് കണ്ടെടുത്തിരുന്നു. അതിനാല്‍ ഇതുപയോഗിച്ചായിരുന്നു പൊലകപാതകം നടത്തിയതെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍ നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള നീളമേറിയ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇടത്തേ നെഞ്ചില്‍ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ച പ്രതി, ജേക്കബ് വര്‍ഗീസിന്റെ ഇടതുകൈയിലും മാരകമായ മുറിവേല്‍പ്പിച്ചിരുന്നു.

എസ്റ്റേറ്റിലെ തൊഴിലാളിയായ മുത്തയ്യയെ കൂടത്തിന് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വിശദീകരിച്ചു. ജേക്കബ് വര്‍ഗീസിന്റെ നാലു സ്വര്‍ണമാലയും, 143 കിലോ ഏലവും ബോബിന്‍ കൊണ്ടുപോയി. പിടിവലിക്കിടെ ഉണ്ടായ മുറിവിന് ചികില്‍സ തേടി ബോബിന്‍ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. എന്നാല്‍ മുറിവ് കണ്ട ആശുപത്രി അധികൃതര്‍ അവിടെ ചികില്‍സിക്കാനാകില്ലെന്ന് അറിയിച്ചു. 

തുടര്‍ന്ന് സുഹൃത്തായ ചിത്രവേലിന്റെ ചെരിയാറിലെ വീട്ടിലെത്തുകയായിരുന്നു. അവിടെ നിന്നും പൂപ്പാറയിലെത്തി ഏലം വിറ്റു. 1.70 ലക്ഷം രൂപയാണ് ബോബിന് ലഭിച്ചത്. തുടര്‍ന്ന് ചിത്രവേലിന്റെ ഭാര്യ കപിലയ്‌ക്കൊപ്പം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികില്‍സ തേടി.

ചിത്രവേലിന്റെ വീട്ടില്‍ തിരികെയെത്തിയ ബോബിന്‍ 25,000 രൂപ ചിത്രവേലിന് നല്‍കി. ഇയാള്‍ തരപ്പെടുത്തി നല്‍കിയ പുതിയ സിംകാര്‍ഡുമായി പോയ ബോബിന്‍ മുരുകുംതൊട്ടിയില്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് തന്നെ പിന്തുടര്‍ന്ന് എത്തിയെന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ കാട്ടിലൂടെ നടന്ന് മധുരയിലെത്തിയതെന്നും പ്രതി പൊലീസിനോട് വിശദീകരിച്ചു. 

മധുരയില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ബോബിനെ പൊലീസ് പിടികൂടുന്നത്. ഇവിടെ നിന്നും പളനിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത പ്രതിയെ നാട്ടിലെത്തിച്ചു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. ഇയാള്‍ എറണാകുളത്ത് വീട്ടമ്മയെ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് സൂചിപ്പിച്ചു. 

കഴിഞ്ഞ ഞായറാഴ്ചയാണ് ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്‌റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.  

എസ്‌റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയി. ബോബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുകയും, മോഷ്ടിച്ച ഏലം വില്‍ക്കാന്‍ സഹായിക്കുകയും ചെയ്ത, പ്രതിയുടെ സുഹൃത്തുക്കളായ ചിത്രവേല്‍, കപില ദമ്പതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com