രാജ്യറാണി സ്വതന്ത്ര ട്രെയിൻ മെയ് ഒൻപത് മുതൽ; ട്രെയിനുകളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ചു പരാതികൾ വ്യാപകം

കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി സ്വതന്ത്ര ട്രെയിൻ മെയ് ഒൻപതിന് സർവീസ് ആരംഭിക്കും. 13 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക
രാജ്യറാണി സ്വതന്ത്ര ട്രെയിൻ മെയ് ഒൻപത് മുതൽ; ട്രെയിനുകളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ചു പരാതികൾ വ്യാപകം

കൊച്ചി: കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി സ്വതന്ത്ര ട്രെയിൻ മെയ് ഒൻപതിന് സർവീസ് ആരംഭിക്കും. 13 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും. തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.15നു മധുരയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 3.15ന് മധുരയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പും മെയ് ഒൻപതിന് നിലവിൽ വരും. അമൃതയ്ക്ക് 18 കോച്ചുകളാണുള്ളത്. 

അതേസമയം ട്രെയിനുകളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ചു വ്യാപക പരാതിയാണു ഉയരുന്നത്. യാത്രക്കാരെ മനഃപൂർവം ബുദ്ധിമുട്ടിക്കാനുളള പാലക്കാട് ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണു രാജ്യറാണിയുടെയും അമൃതയുടെയും പുതിയ ടൈം ടേബിളിൽ പ്രതിഫലിക്കുന്നതെന്നാണ് ആക്ഷേപം. കേരളത്തിലെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ടു ട്രെയിനുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ ബസിൽ പോകേണ്ടി വരുമെന്നു യാത്രക്കാർ പറയുന്നു. 

രാജ്യറാണി എക്സ്പ്രസിനു തൃശൂർ മുതൽ ഷൊർണൂർ വരെ 33 കിലോമീറ്റർ ഓടാൻ മൂന്ന് മണിക്കൂറാണ് കൊടുത്തിരിക്കുന്നത്. അമൃത, ഷൊർണൂർ ഒഴിവാക്കുന്നതോടെ സമയം ലാഭിക്കേണ്ടതിനു പകരം യാത്രാ സമയം കൂടുകയാണു ചെയ്തിരിക്കുന്നത്. ബസുകൾ രാത്രിയിൽ ഒന്നര മണിക്കൂർ മാത്രം എടുക്കുന്ന തൃശൂർ– പാലക്കാട് റൂട്ടിൽ ഓടാൻ അമൃതയ്ക്കു നൽകിയിരിക്കുന്നതു നാലര മണിക്കൂറോളമാണ്.

മധുരയിൽ നിന്നു അമ‌ൃത പുറപ്പെടുന്ന സമയം  ഉച്ചയ്ക്ക് 3.45ൽ നിന്നു വൈകിട്ട്  6.30 ആക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടപ്പോൾ അതു നേരത്തേയാക്കി. 3.15ന് പുറപ്പെടുന്ന രീതിയിലാണു പുനഃക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരെ ദ്രോഹിക്കുന്ന സമീപനമാണു പാലക്കാട് ഡിവിഷനിലെ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മധുരയിൽ നിന്നുളള മടക്ക യാത്രയിൽ പൊളളാച്ചി മുതൽ ഷൊർണൂർ വരെ 170 മിനുട്ടാണ് അമൃത വെറുതെ നിർത്തിയിടുന്നത്.

അമൃതയുടെ പുതിയ സമക്രമം അനുസരിച്ചു റണ്ണിങ് ടൈം ഒന്നേ മുക്കാൽ മണിക്കൂറാണു കൂടിയിരിക്കുന്നത്. റെയിൽവേയുടെ തലതിരിഞ്ഞ പരിഷ്കാരം മൂലം രാത്രി 8.30 കഴിഞ്ഞാൽ തിരുവനന്തപുരത്ത് നിന്നു വടക്കോട്ടു ട്രെയിനുകളില്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ അമൃത എക്സ്പ്രസിന്റെ ശരാശരി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണെങ്കിൽ മെയ് ഒൻപത് മുതൽ 33 കിലോമീറ്ററായി കുറയും. റെയിൽവെ പുതിയതായി അനുവദിക്കുന്ന എല്ലാ ട്രെയിനുകളുടെയും ശരാശരി വേഗം മണിക്കൂറിൽ 60 ഉം 70ഉം ആണെന്നിരിക്കെ കേരളത്തിൽ മാത്രമാണു  ഒച്ചുപോലെ ഇഴയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com