ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; ലീന മരിയ പോൾ രണ്ടാം തവണയും മൊഴി നൽകി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2019 09:53 PM |
Last Updated: 20th January 2019 09:53 PM | A+A A- |

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോൾ വീണ്ടും പൊലീസിന് മൊഴി നൽകി. അന്വേഷണം പുതിയ സംഘത്തിന് കൈമാറിയ പശ്ചാത്തലത്തിലാണ് ലീനയുടെ മൊഴി വീണ്ടുമെടുത്തത്. കഴിഞ്ഞ തവണ പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ ലീന മരിയ പോൾ ഇത്തവണയും ആവർത്തിച്ചു. പണം നൽകി കേസ് ഒത്തുതീർപ്പാക്കിയിട്ടില്ലെന്നും ഇപ്പോഴും മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ ഭീഷണി തനിക്കുണ്ടെന്നും ലീന മൊഴി നൽകി. കൊച്ചിയിലെ അഭിഭാഷകന്‍റെ വീട്ടിൽ വച്ചാണ് രണ്ടാം തവണ ലീന മരിയ പോൾ പൊലീസിന് മൊഴി നൽകിയത്.
സംഭവത്തിന് ശേഷവും തനിക്കും തന്‍റെ അഭിഭാഷകനും രവി പൂജാരിയുടെ കോൾ പല തവണ വന്നുവെന്നും ഇപ്പോൾ കോൾ എടുക്കാറില്ലെന്നും ലീന മരിയ പോൾ പൊലീസിനോട് വ്യക്തമാക്കി. ആർക്ക് വേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ല. അയാളുമായി മുൻ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നുമാണ് ലീനയുടെ മൊഴി.
ഡിസംബർ 15നായിരുന്നു നടി ലീന മരിയ പോളിന്‍റെ കൊച്ചി, പനമ്പളളി നഗറിലെ ബ്യൂട്ടി പാലർറിന് നേരെ അജ്ഞാതർ ബൈക്കിലെത്തി വെടിയുതിർത്തത്. ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടാൻ ഇതേവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിർത്തതെന്നാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നിഗമനം. കൃത്യത്തിനെത്തിയവർക്ക് രവി പൂജാരിയെ നേരിട്ട് പരിചയമില്ലന്നും ഇവരെ ഉടൻ തിരിച്ചറിയാൻ ആകുമെന്നുമാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്.