'യുവതികളുടെ ലിസ്റ്റ് : ആകാശത്ത് പോയ വടി ഏണി വെച്ച് വാങ്ങിയത്' ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2019 07:43 AM |
Last Updated: 20th January 2019 07:43 AM | A+A A- |
പത്തനംതിട്ട : ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്തുവെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. ശബരിമല വിഷയത്തില്‍ ഏത് വിധത്തിലുള്ള ചര്‍ച്ചയ്ക്കും കൊട്ടാരം തയ്യാറാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കൊട്ടാരം ആഗ്രഹിക്കുന്നതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്ന സുപ്രിംകോടതിയില്‍ നല്കിയ ലിസ്റ്റ് ഇരന്ന് വാങ്ങിയ അടിയാണ്. 51 യുവതികളുടെ ലിസ്റ്റ് കൊടുത്ത നടപടി ആകാശത്ത് പോയ വടി ഏണി വെച്ച് വാങ്ങിയ പോലെയാണ്. ഈ മണഅഡലകാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കരുതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
അതിനിടെ സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. രാവിലെ പന്തളം രാജ പ്രതിനിധിയ്ക്ക് തിരുവാഭരണം കൈമാറിയതിന് ശേഷമാണ് മേല്‍ശാന്തി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നെങ്കിലും ഇന്ന് രാജപ്രതിനിധി രാഘവ വര്‍മ്മ രാജയ്ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചത്.
യുവതീപ്രവേശന വിധിക്ക് ശേഷമുള്ള ശബരിമലയിലെ ആദ്യ തീര്‍ത്ഥാടനകാലം സംഘര്‍ഷ ഭരിതമായിരുന്നു. ഈ തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടിരൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടിരൂപയുടെയും നഷ്ടം ഉണ്ടായി. മണ്ഡല കാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്ക് കാലത്തെ വരുമാനം 63,00,69,947 രൂപയുമാണ്.