സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡനശ്രമം, എന്‍ജിനീയര്‍ അറസ്റ്റില്‍; അപരിചിതരുടെ വാഹനങ്ങളില്‍ കയറരുതെന്ന് പൊലീസ് മുന്നറിയിപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 20th January 2019 12:14 PM |
Last Updated: 20th January 2019 12:14 PM | A+A A- |
കൊച്ചി: പാതയോരത്ത് വാഹനങ്ങള്‍ക്ക് കൈകാട്ടിയ സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ കുരീക്കാട് ചൂരക്കാട്ട് സൗത്ത് ഉത്രം വീട്ടില്‍ ഹരിദാസാണ് അറസ്റ്റിലായത്. ഇതോടെ അപരിചിതരോട് വിദ്യാര്‍ത്ഥികള്‍ ലിഫ്റ്റ് ചോദിക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തുവന്നു. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു.
രാവിലെ സ്‌കൂളിലേക്ക് പോകാന്‍ വൈകിയ പതിനാലുകാരനായ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. കൊച്ചിയിലെ പ്രമുഖ കമ്പനിയിലെ എന്‍ജിനീയറാണ്പ്രതി. മരട് കാളാത്ര ജംഗ്ഷനില്‍ നിന്നാണ് കുട്ടി ഇയാളുടെ ബൈക്കില്‍ ലിഫ്റ്റ് കയറിയത്. വിക്രം സാരാഭായ് റോഡിലൂടെ ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയായിരുന്നു പീഡനശ്രമം. എതിര്‍ത്തപ്പോള്‍ പേട്ടഭാഗത്ത് ഇറക്കിവിട്ടശേഷം ഇയാള്‍ വാഹനമോടിച്ച് പോകുകയായിരുന്നു.
ഭയന്നുപോയ കുട്ടിയെ പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി എടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
നഗരത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തുവന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ കയറരുതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ ലിഫ്റ്റ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍ പോകുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കണം. അസംബ്ലിയില്‍ ഇതിനെകുറിച്ച് പ്രത്യേക നിര്‍ദേശം നല്‍കണം. അധ്യാപകര്‍ക്കൊപ്പം കുട്ടികളുടെ മാതാപിതാക്കളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.