ഇനിമുതല്‍ യാത്രാസമയം ലാഭിക്കാം; ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു

എറണാകുളം- കായംകുളം (ആലപ്പുഴ വഴി) റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടുന്നു
ഇനിമുതല്‍ യാത്രാസമയം ലാഭിക്കാം; ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു


കൊച്ചി: എറണാകുളം- കായംകുളം (ആലപ്പുഴ വഴി) റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍, റെയില്‍വേ മുഖ്യസുരക്ഷാ കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. പ്രധാനപാതയില്‍ (മെയിന്‍ ലൈന്‍) നിന്നു തിരിഞ്ഞ് പോകുന്ന പാതകളാണ് ലൂപ്പ് ലൈനുകള്‍. 

മെയിന്‍ലൈന്‍ പ്ലാറ്റ്‌ഫോം ഇല്ലാത്ത സ്‌റ്റേഷനുകളില്‍ ലൂപ്പ് ലൈനുകളിലെ വേഗം കൂട്ടുന്നത് ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കും. ലൂപ്പ് ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയെടുക്കാന്‍ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വേണമെങ്കില്‍ വേഗം കൂട്ടുന്നതോടെ ഇതിനു 5 മിനിറ്റില്‍ താഴെ സമയം മതിയാകും. ലൂപ്പ് ലൈനുകളില്‍ വേഗം കൂട്ടുന്നതിനു മുന്നോടിയായി ഭാരം കൂടിയ ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി. എറണാകുളം-കായംകുളം (ആലപ്പുഴ വഴി) പാതയ്ക്ക് പുറമേ തിരുനെല്‍വേലി- തിരുവനന്തപുരം പാതയിലും ലൂപ്പ് വേഗം വര്‍ധിപ്പിക്കുന്നുണ്ട്. 

ലൂപ്പിലെ വേഗം കൂട്ടുന്നതോടെ സ്‌റ്റോപ്പുകളുടെ എണ്ണം അനുസരിച്ച് ട്രെയിനുകളുടെ യാത്രാസമയത്തില്‍ അരമണിക്കൂര്‍ വരെ ലാഭമുണ്ടാകും. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ ഓട്ടത്തിലാകും കാര്യമായ സമയലാഭമുണ്ടാകുക. വൈകിയോട്ടം കുറയ്ക്കാനുളള നടപടികളുടെ ഭാഗമായാണ് ലൂപ്പിലെ വേഗം കൂട്ടല്‍. 

ഡിവിഷനിലെ 20 ട്രെയിനുകള്‍ക്കു പെട്ടെന്ന് വേഗം കൈവരിക്കാന്‍ കഴിയുന്ന ഡബ്യുഎപി 7 എന്ന ആധുനിക എഞ്ചിനുകളും നല്‍കി. കുറുപ്പന്തറ-–ഏറ്റുമാനൂര്‍ രണ്ടാം പാത മാര്‍ച്ചില്‍ തുറക്കുന്നതോടെ കോട്ടയം വഴിയുളള ട്രെയിനുകളുടെ ഓട്ടം കൂടുതല്‍ മെച്ചപ്പെടും. പഴയ പാളങ്ങള്‍ മാറ്റുന്ന ജോലി 60 ശതമാനം പൂര്‍ത്തിയായി. പാതകളിലെ വേഗനിയന്ത്രണം കുറയ്ക്കാനുളള നടപടിയും ആരംഭിച്ചു. 
വണ്ടികളുടെ സമയകൃത്യത കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 40 ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ 65 ശതമാനമായി ഉയര്‍നനെന്നും അധികൃതര്‍ അറിയിച്ചു. 6 മാസത്തിനുളളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com