കുട്ടിക്കാലം മുതല്‍ കുറ്റവാസന; പണം കയ്യിലുണ്ടെങ്കില്‍ ആര്‍ഭാട ജീവിതം: എസ്റ്റേറ്റ് ഇരട്ടക്കൊല കേസിലെ മുഖ്യപ്രതിയുടെ ജീവിതം ഇങ്ങനെ

ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബിന് കുട്ടിക്കാലം മുതല്‍ കുറ്റവാസനയെന്ന് പൊലീസ്.
കുട്ടിക്കാലം മുതല്‍ കുറ്റവാസന; പണം കയ്യിലുണ്ടെങ്കില്‍ ആര്‍ഭാട ജീവിതം: എസ്റ്റേറ്റ് ഇരട്ടക്കൊല കേസിലെ മുഖ്യപ്രതിയുടെ ജീവിതം ഇങ്ങനെ

ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബിന് കുട്ടിക്കാലം മുതല്‍ കുറ്റവാസനയെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിന്‍ പിടിയിലായത് രജനീകാന്തിന്റെ പുതിയ ചിത്രമായ 'പേട്ട' കണ്ട ശേഷം തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു. 

നാട്ടില്‍ അധികം അടുപ്പക്കാര്‍ ഇല്ലാത്ത ബോബിന്‍ വീട്ടുകാരുമായും നല്ല ബന്ധത്തില്‍ അല്ല. രണ്ടര വര്‍ഷം മുന്‍പ് വരെ എറണാകുളത്ത് ഡ്രൈവര്‍ ജോലി നോക്കിയിരുന്ന ബോബിന്‍ അവിടെ രണ്ട് മോഷണക്കേസുകളില്‍ പ്രതിയായി. മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ ബോബിന്‍ ശിക്ഷാ കാലാവധിക്കുള്ളില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ വാറന്റ് ആയി. ബോബിന്റെ പിതാവിനെ പത്ത് വര്‍ഷം മുന്‍പ് കാണാതായിരുന്നു. അമ്മയും സഹോദരനുമാണ് കുളപ്പാറച്ചാലിലെ വീട്ടില്‍ താമസിക്കുന്നത്. 

എറണാകുളം സ്വദേശിനിയെ ആണ് ബോബിന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. 2010ല്‍ സഹോദരന്റെ വിവാഹത്തിന് ആണ് ബോബിന്റെ ഭാര്യയും കുട്ടിയും അവസാനമായി നാട്ടിലെത്തിയത്. അതിന് ശേഷം ഇടയ്ക്കിടെ ബോബിന്‍ എറണാകുളത്ത് എത്തി ഇവരോടൊപ്പം താമസിച്ചിരുന്നു. 

എറണാകുളത്ത് നിന്നു വന്ന ബോബിന്‍ സമീപ വീടുകളില്‍ കൂലിപ്പണിക്കു പോയിരുന്നു. എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്ത ബോബിന്‍,  കയ്യില്‍ പണം കിട്ടിയാല്‍ ആര്‍ഭാട ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ജേക്കബ് വര്‍ഗീസിനേയും, ജീവനക്കാരനായ മുത്തയ്യയേയും എസ്‌റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.  

എസ്‌റ്റേറ്റ് ഉടമയുടെ കാറും 200 കിലോയോളം ഏലവും മോഷണവും പോയി. ബോബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുകയും, മോഷ്ടിച്ച ഏലം വില്‍ക്കാന്‍ സഹായിക്കുകയും ചെയ്ത, പ്രതിയുടെ സുഹൃത്തുക്കളായ ചിത്രവേല്‍, കപില ദമ്പതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com