ശബരിമല; പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താനൊരുങ്ങി സർക്കാർ; എഡിജിപി അന്വേഷിക്കും

സുപ്രീം കോടതിയിൽ നൽകിയ ശബരിമല കയറിയ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ ഡിജിപിക്ക‌് സർക്കാരിന്റെ നിർദേശം
ശബരിമല; പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താനൊരുങ്ങി സർക്കാർ; എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: സുപ്രീം കോടതിയിൽ നൽകിയ ശബരിമല കയറിയ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ ഡിജിപിക്ക‌് സർക്കാരിന്റെ നിർദേശം. പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ എഡിജിപി അനിൽ കാന്തിനെ ചുമതലപ്പെടുത്തി. 51 പേരിൽ മൂന്ന് പുരുഷന്മാരും 50 വയസ് കഴിഞ്ഞ 17 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക കൈമാറും. 

അതേസമയം പൊലീസിന് സംഭവിച്ച പിഴവിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകർ പറയുന്നു. എന്നാൽ പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണ് പട്ടിക കൈമാറിയതെന്നാണ് പൊലീസിന്റെ വാദം. നിലവിലെ പട്ടികയിലെ പുരുഷന്മാരുടെ പേര് മാത്രമാകും ഒഴിവാക്കുകയെന്ന് അഭിഭാഷകർ പറഞ്ഞു.

ദർശനത്തിന് ഓൺലൈനായി റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളുടെ ഉത്തരവാദിത്വം അപേക്ഷകർക്കാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റുണ്ടായാൽ അപേക്ഷകർ തിരുത്തണം. അവർ സമർപ്പിക്കുന്ന രേഖകൾ വിശ്വാസത്തിലെടുക്കാനേ കഴിയൂ എന്നും അറിയിച്ചു.

നാണക്കേടായ പൊലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയിൽ കൊടുത്ത പട്ടികയുടെ ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പട്ടിക നൽകിയതു ദേവസ്വം വകുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കടകംപള്ളി വ്യക്തമാക്കി. തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും പട്ടിക നൽകിയവർ പറയട്ടെയെന്നുമായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com