ശബരിമല സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരം; ക്ഷേത്രത്തെ മറന്നുകൊണ്ടുളള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ നഷ്ടപ്പെടുന്നത് മൂല്യങ്ങളെന്ന് മാതാ അമൃതാനന്ദമയി

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി
ശബരിമല സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരം; ക്ഷേത്രത്തെ മറന്നുകൊണ്ടുളള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ നഷ്ടപ്പെടുന്നത് മൂല്യങ്ങളെന്ന് മാതാ അമൃതാനന്ദമയി

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രസങ്കല്‍പ്പത്തെ കുറിച്ചും, ഓരോ ക്ഷേത്ര ആരാധനയെ കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നത്തിന് കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.

പാരമ്പര്യമായിട്ടുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടപോലെ ആചരിച്ചില്ലെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ആവശ്യമാണ്. പക്ഷേ ക്ഷേത്രത്തെ മറന്നുകൊണ്ടുളള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാകാന്‍ ഇടവരും. ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവയെ സംരക്ഷിക്കണം. അല്ലെങ്കില്‍ നൂലുപൊട്ടിയ പട്ടംപോലെയാകുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 

സര്‍വ്വവ്യാപിയായ ഈശ്വരന് പരിമിതികളില്ല.സ്ത്രീ പുരുഷ വ്യത്യാസമില്ല. അനന്തമായ ശക്തിയാണ്. പക്ഷേ ക്ഷേത്രത്തിന്റെ ശക്തിയുടെ കാര്യത്തില്‍ ഇത് വ്യത്യാസമാണ്.സമുദ്രത്തിലെ മത്സ്യവും ടാങ്കില്‍ വളരുന്ന മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മത്സ്യത്തിന് ഭക്ഷണവും ഓക്‌സിജനും നല്‍കണം. സമുദ്രത്തിലെ മത്സ്യത്തിന് ഈ നിബന്ധനകളൊന്നുമില്ല. അതേപോലെ നദിയില്‍ ഇറങ്ങി കുളിക്കുന്നതിനും നിബന്ധകളൊന്നുമില്ല. അതേവെളളം ഉപയോഗിച്ച് സ്വിമ്മിങ് പൂളില്‍ കുളിക്കുമ്പോള്‍ വെളളത്തില്‍ ക്ലോറിനിടണം.വെളളം ശുദ്ധമാക്കണം. നദിയിലെ വെളളം തന്നെയാണ് സ്വിമ്മിങ്പൂളിലും.സര്‍വ്വവ്യാപിയായ ഈശ്വരന്റെ ഭാഗം തന്നെയാണ് ഇതും. ഇതില്‍ ശുദ്ധിയും അശുദ്ധിയും ആചാരങ്ങളും ആവശ്യമാണ്. നമ്മള്‍ ഏതുരീതിയില്‍ ഭാവിക്കുന്നോ അതിനനുസരിച്ചുളള ഫലം കിട്ടുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 

ഓരോ ക്ഷേത്രദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം. അതുപോലെ തന്നെ നിവേദ്യങ്ങള്‍ സമര്‍പ്പിക്കണം. ആചാരനുഷ്ഠാനങ്ങള്‍ പാലിക്കണം. സര്‍വ്വവ്യാപിയായ ഈശ്വരന് ഈ പരിമിതികള്‍ ഇല്ല.ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം സങ്കല്‍പ്പമുണ്ട്. രൗദ്രഭാവത്തിലുളള ദേവിയുടെ സങ്കല്‍പ്പം വേറെ,സൗമ്യഭാവത്തിലുളള ദേവിയുടെ സങ്കല്‍പ്പം മറ്റൊന്ന്. 

ക്ഷേത്രസങ്കല്‍പ്പത്തെ കുറിച്ചാണ് പറയുന്നത്. ക്ഷേത്രം മൈനറാണ് എന്ന് പറയും. ഒരു കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അധ്യാപകനും പോലെ ക്ഷേത്രത്തിന് തന്ത്രിയുടെയും പൂജാരിയുടെയും വിശ്വാസിയുടെയും ആവശ്യമുണ്ട്. വിശ്വാസികള്‍ അല്ലാത്തവരാണ് ക്ഷേത്രത്തെ മലിനപ്പെടുത്തുന്നത്. അപ്പോള്‍ ക്ഷേത്രകാര്യത്തില്‍ വിശ്വാസികളെയും കൂടി ആശ്രയിച്ചിരിക്കുകയാണെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. 

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പ് പ്രകടിപ്പിച്ചിരുന്ന ഒരു ആഗ്രഹം അനുസരിച്ചാണ് ഇത്തരം വ്രതസമ്പ്രദായങ്ങള്‍ നിലവില്‍ വന്നത് എന്നാണ് ഭക്തരുടെ വിശ്വാസം. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ആവശ്യമാണ്. പക്ഷേ ക്ഷേത്രത്തെ മറന്നുകൊണ്ടുളള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കാന്‍ ഇത് ഇടവരുത്തുമെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com