ഇനി മീശപ്പുലിമലയില്‍ പോയാല്‍ പോക്കറ്റ് കാലിയാകുമെന്ന് ഭയം വേണ്ട; സഞ്ചാരികള്‍ക്കായി വാഹനങ്ങളൊരുക്കി വനംവകുപ്പ്
By സമകാലികമലയാളം ഡെസ്‌ക് | Published: 21st January 2019 09:34 AM |
Last Updated: 21st January 2019 09:34 AM | A+A A- |

ഇടുക്കി: സഞ്ചാരികള്‍ക്ക് വനംവകുപ്പ് വാഹനങ്ങളില്‍ ഇടുക്കിയിലെ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ അവസരം. കെ എഫ് ഡി സി യുടെ പദ്ധതി വനം മന്ത്രി കെ രാജു ഫഌഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളാണ് ഇതിനായി ഒരുക്കുന്നത്.
24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്.
നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായ ഉടന്‍ ഈ വാഹനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കും.
ശൈത്യകാലമാസ്വദിക്കാന്‍ മീശപ്പുലിമലയില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ്. മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ് വാലിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പില്‍ 16 കിലോമീറ്റര്‍ നീളുന്ന ഓഫ് റൈഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്‍ഷന്‍ കോട്ടേജില്‍ എത്തണം.
രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യാത്ര. ഏഴര കിലോമീറ്റര്‍ നീളുന്ന ട്രെക്കിംഗ്. കാല്‍നടയായി ഏഴ് മലകള്‍ താണ്ടിയുള്ള യാത്ര അല്‍പം ആയാസകരമാണെങ്കിലും മലയുടെ നെറുകയില്‍ എത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും. തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്കായി പ്രത്യേക യാത്ര പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.