'പോകാതിരുന്നത് മഹാഭാഗ്യമായി, കെണിയായി മാറിയേനെ' ; അയ്യപ്പ സംഗമത്തിനെതിരെ വെള്ളാപ്പള്ളി

'പോകാതിരുന്നത് മഹാഭാഗ്യമായി, കെണിയായി മാറിയേനെ' ; അയ്യപ്പ സംഗമത്തിനെതിരെ വെള്ളാപ്പള്ളി
'പോകാതിരുന്നത് മഹാഭാഗ്യമായി, കെണിയായി മാറിയേനെ' ; അയ്യപ്പ സംഗമത്തിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമോയെന്ന് തന്നോടും സംഘാടകര്‍ ആരാഞ്ഞിരുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനാല്‍ താനും പോകാനിരുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുണ്ടായിരുന്നതിനാല്‍ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തന്റെ ഭാര്യയെ പങ്കെടുപ്പിക്കാനും സമ്മര്‍ദമുണ്ടായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പോകാതിരുന്നത് ഭാഗ്യമായെന്ന് ഇപ്പോള്‍ തോന്നുന്നത്. പോയിരുന്നെങ്കില്‍ തന്റെ നിലപാടിനു വിരുദ്ധമാവുമായിരുന്നു അത്. പങ്കെടുത്തിരുന്നെങ്കില്‍ കെണിയായി മാറിയേനെയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സമരത്തിനു പിന്നിലുള്ളത് രാഷ്ട്രീയമാണെന്ന് ബിജെപി നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണല്ലോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്തേത് ആത്മീയ സമ്മേളനം എന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ മുതലെടുപ്പു രാഷ്ട്രീയം അവിടെയുമുണ്ട്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു തിരിച്ചടിയാവുമെന്ന് ആ വേദിയില്‍ തന്നെ ഒരു നേതാവു പ്രസംഗിച്ചിട്ടുണ്ടല്ലോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കാള വാലു പൊക്കുമ്പോള്‍ അറിയാമല്ലോ എന്നായിരുന്നു, സമരം രാഷ്ട്രീയ മുതലെടുപ്പാണോയെന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല സമരം ബിജെപിക്കു നേട്ടമാണ്. എന്നാല്‍ തെരഞ്ഞടുപ്പു വരെ അതുണ്ടാവുമോയെന്നു പറയാനാവില്ല. അപ്പോള്‍ ആരൊക്കെ കൂടെയുണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് ഹിന്ദു ഐക്യമല്ല. നമ്പൂതിരി മുതല്‍ നായാടി വരെ എന്ന തന്റെ ആശയമല്ല അതില്‍ കണ്ടത്. അവിടെ സവര്‍ണ ഐക്യം മാത്രമേയുള്ളൂ. പേരിനു ചില അവര്‍ണ നേതാക്കളെയും പങ്കെടുപ്പിച്ചുവെന്നു മാത്രം.

വനിതാ മതില്‍ പരാജയമായിരുന്നില്ല. എന്നാല്‍ അതിനു പിറ്റേന്ന് അത് പരാജയമായി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കും അവരെ ഉപദേശിക്കുന്നവര്‍ക്കും നിരന്തരമായി തെറ്റുപറ്റുന്നുണ്ട്. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലൂടെയെല്ലാം അതാണ് വ്യക്തമാവുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com