ഓപറേഷന്‍ തണ്ടര്‍; പൊലീസ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ വ്യാപകം; കണക്കിൽപ്പെടാത്ത പണവും, സ്വർണവും മുതൽ കഞ്ചാവ് വരെ

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ സ്ഥിരീകരണം
ഓപറേഷന്‍ തണ്ടര്‍; പൊലീസ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ വ്യാപകം; കണക്കിൽപ്പെടാത്ത പണവും, സ്വർണവും മുതൽ കഞ്ചാവ് വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ സ്ഥിരീകരണം. ഓപറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് 53 പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. പൊലീസില്‍ മാഫിയ ബന്ധവും കൈക്കൂലിയും വര്‍ധിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.

വിവിധ സ്റ്റേഷനുകളില്‍ രേഖകളില്ലാതെ സ്വര്‍ണവും കേസില്‍ പെടാത്ത വാഹനങ്ങളും മൊബൈല്‍ ഫോണുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ക്വാറി-മണല്‍ മാഫിയകള്‍ക്കെതിരെ കേസെടുക്കുന്നതിലും വ്യാപക വീഴ്ചയെന്നും വിജിലന്‍സ് കണ്ടെത്തി. 

മണല്‍ ക്വാറി മാഫിയകളില്‍ നിന്ന് കൈക്കൂലി വാങ്ങി അനധികൃത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും സാമ്പത്തിക ഇടപാട് കേസുകള്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി അട്ടിമറിക്കുന്നുവെന്നും അടക്കമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് പ്രാഥമിക കണ്ടത്തലെന്ന് വിജിലന്‍സ് വ്യക്തമാക്കി. 

കാസര്‍കോട് ബേക്കല്‍, കോഴിക്കോട് ടൗണ്‍ സ്റ്റേഷനുകളില്‍ യാതൊരു കേസും രേഖയുമില്ലാതെ സ്വര്‍ണം പിടിച്ചുവച്ചതായി കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ എണ്‍പതിനായിരം രൂപയുടെയും പയ്യോളിയില്‍ 57000 രൂപയുടെയും കോഴിക്കോട് ടൗണില്‍ മൂവായിരം രൂപയുടെ ക്രമക്കേടും സ്ഥിരീകരിച്ചു. കണ്ണൂരിലെ കുളവല്ലൂര്‍, മലപ്പുറത്തെ അരീക്കോട് കാസര്‍കോട് ബേക്കല്‍ എന്നിവിടങ്ങളിലാണ് കേസുകളില്ലാതെ വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നത്. 

ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിജിലൻസ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. എസ്ഐയുടെ മേശയിൽ നിന്ന് 250 ​ഗ്രാം കഞ്ചാവ് വിജിലൻസ് പിടിച്ചെടുത്തത്. രേഖകൾ ഇല്ലാതെയാണ് ഇത് സൂക്ഷിച്ചതെന്നും വിജിലൻസ് പറയുന്നു. എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 

ഇടുക്കി ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടന്നു.  പൊലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. അടിമാലി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ പ്രളയത്തിൽ ഒഴുകി എത്തിയതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പല സ്റ്റേഷനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരപരാധികളില്‍ നിന്ന് പണം വാങ്ങാനുള്ള നീക്കമാണിതെന്നാണ് 
വിജിലന്‍സിന്റെ നിഗമനം. ചിറയിന്‍കീഴ്, പന്തളം സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നിയമവിരുദ്ധമായി ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. പരാതികളുണ്ടെങ്കിലും പലയിടത്തും 2012ന് ശേഷം ക്വാറി, മണല്‍ മാഫിയകള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കണ്ടെത്തി. 

ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി  ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സ്ഥല പരിശോധന കൂടി നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com