കെഎസ്ആര്‍ടിസി ബസ് ബ്രേക്കുപൊട്ടി പാഞ്ഞു; ഡ്രൈവറും കണ്ടക്റ്ററും ചാടിയിറങ്ങി ടയറിന് തടയിട്ടു; ഒഴിവായത് വന്‍ ദുരന്തം

ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും കണ്ടക്റ്ററും ടയറിന് കുറുകെ കല്ലും മറ്റുമിട്ടാണ് ബസ് നിര്‍ത്തിയത്
കെഎസ്ആര്‍ടിസി ബസ് ബ്രേക്കുപൊട്ടി പാഞ്ഞു; ഡ്രൈവറും കണ്ടക്റ്ററും ചാടിയിറങ്ങി ടയറിന് തടയിട്ടു; ഒഴിവായത് വന്‍ ദുരന്തം

വണ്ണപ്പുറം; ബ്രേക്ക് പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടേയും കണ്ടക്റ്ററുടേയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും കണ്ടക്റ്ററും ടയറിന് കുറുകെ കല്ലും മറ്റുമിട്ടാണ് ബസ് നിര്‍ത്തിയത്. 

ആലപ്പുഴ- മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്കു സമീപം ഇന്നലെ രാവിലെ 7.35 നായിരുന്നു സംഭവം. 75 യാത്രക്കാരുമായി കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്കു പോയ കട്ടപ്പന ഡിപ്പോലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടപ്പെട്ടത്.  കള്ളിപ്പാറ എസ് വളവിനു സമീപമായിരുന്നു സംഭവം.

കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെടുന്നത്.  ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ 2 ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി.  തുടര്‍ന്നാണ് ബസിന്റെ മുന്നില്‍ കല്ലും മറ്റും ഇട്ട് തടസ്സം സൃഷ്ടിച്ചു നിര്‍ത്തിയത്. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണു വന്‍ ദുരന്തം ഒഴിവാക്കിയത്.

വളവുകളും കുത്തിറക്കങ്ങളും നിരവധിയുള്ള ഈ മേഖലയില്‍ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ഈ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നത്. ഈ ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ വളരെ കാലപ്പഴക്കം ചെന്നതാണ് എന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com