ദേവസ്വം വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും എടുക്കാറില്ല, പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd January 2019 09:05 AM |
Last Updated: 23rd January 2019 09:05 AM | A+A A- |

ന്യൂഡല്‍ഹി: സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്ഷേത്രങ്ങളില്‍ നിന്നും അല്ലാതെയും ബോര്‍ഡുകള്‍ക്കുള്ള വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടയ്ക്കാറില്ലെന്നും സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പകരം ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് പണം നിക്ഷേപിക്കുന്നതെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്നാരോപിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി. മോഹന്‍ദാസും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ബോര്‍ഡുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലുള്ള വ്യവസ്ഥകളില്‍ (4(1), 63) പിഴവില്ലെന്നു ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഇന്നു പരിഗണിച്ചേക്കും.
ഭരണഘടനയിലെ 290 എ വകുപ്പു പ്രകാരം, പ്രതിവര്‍ഷം 80 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി ബജറ്റില്‍ വകയിരുത്താറുണ്ടെന്നും തീര്‍ഥാടക ക്ഷേമം സര്‍ക്കാരിന്റെ ഭരണഘടനാപരവും ഭരണപരവുമായ ഉത്തരവാദിത്തമായി കരുതുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.