ശുദ്ധിക്രിയ : തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ശുദ്ധിക്രിയ : തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

പരാതിയുണ്ടെങ്കില്‍ തന്ത്രിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കേണ്ടത്

കൊച്ചി : യുവതീപ്രവേശനത്തില്‍ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത സംഭവത്തില്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തുറവൂര്‍ സ്വദേശി പി കെ കൃഷ്ണ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. 

എന്നാല്‍ സ്വകാര്യ വ്യക്തി നോട്ടീസിനെതിരെ ഹര്‍ജിയുമായി വന്നതിനെ ദേവസ്വം ബോര്‍ഡ് ചോദ്യം ചെയ്തു. പരാതിയുണ്ടെങ്കില്‍ തന്ത്രിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കേണ്ടത്. എന്നാല്‍ തന്ത്രി അത്തരം നടപടികള്‍ക്ക് മുതിര്‍ന്നിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. 

ജനുവരി രണ്ടിന് പുലര്‍ച്ചെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ പത്തുമണിയോടെ നട അടച്ച് ശുദ്ധിക്രിയ ചെയ്യുകയായിരുന്നു. ശുദ്ധിക്രിയക്ക് തന്ത്രി തീരുമാനിച്ചത് ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെയാണ്. കൂടാതെ ഇത് അയിത്താചാരം ആണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടി  ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്. 

ശബരിമല ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. അതിനാല്‍ ശുദ്ധിക്രിയയില്‍ വിശദീകരണം ആവശ്യപ്പെട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും തന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് അടക്കം നാലു യുവതികള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി. ഈ ഹര്‍ജി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com