ഹിന്ദു യുവതിയും മുസ്ലിം പുരുഷനും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ല ; മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി

എന്നാല്‍ മുസ്ലിം പുരുഷന്‍ അഗ്നിയെയോ, വിഗ്രഹത്തെയോ ആരാധിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് നിയമപരമായി സാധുവല്ലെന്ന വാദം ശരിവച്ച കോടതി ഷംസുദ്ദീന് പിതാവിന്റെ സ്വത്തില്‍ അവകാശം ഉണ്ടെന്ന് വിധിച്ചു.
ഹിന്ദു യുവതിയും മുസ്ലിം പുരുഷനും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ല ; മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹിന്ദു യുവതിയും മുസ്ലിം പുരുഷനും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രിം കോടതി. പക്ഷേ ഈ ബന്ധത്തില്‍ ഉള്ള കുട്ടികള്‍ക്ക് പിതൃസ്വത്തില്‍ അവകാശം ഉണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

തിരുവനന്തപുരം സ്വദേശിയായ ഇല്യാസ്- വള്ളിയമ്മ ദമ്പതികളുടെ മകനായ ഷംസുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇല്യാസിന്റെ മരണശേഷം പിതൃസ്വത്തില്‍ അവകാശം ഷംസുദ്ദീന്‍ ഉന്നയിച്ചതിനെ  ഇല്യാസിന്റെ മറ്റുള്ള മക്കള്‍ എതിര്‍ത്തിരുന്നു. വിവാഹ സമയത്ത് ഷംസുദ്ദീന്റെ അമ്മയായ വള്ളിയമ്മ 'ഹിന്ദു' ആയിരുന്നതിനാല്‍ വിവാഹത്തിന് സാധുതയില്ലെന്നും അതുകൊണ്ട് ഷംസുദ്ദീന് സ്വത്ത് നല്‍കാന്‍ ആവില്ലെന്നുമായിരുന്നു മറ്റുള്ളവരുടെ വാദം. വള്ളിയമ്മ പിന്നീടാണ് മുസ്ലിം മതം സ്വീകരിച്ചത്.

എന്നാല്‍ മുസ്ലിം പുരുഷന്‍ അഗ്നിയെയോ, വിഗ്രഹത്തെയോ ആരാധിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് നിയമപരമായി സാധുവല്ലെന്ന വാദം ശരിവച്ച കോടതി ഷംസുദ്ദീന് പിതാവിന്റെ സ്വത്തില്‍ അവകാശം ഉണ്ടെന്ന് വിധിച്ചു. നിയമപരമായ വിവാഹ ബന്ധത്തില്‍ ഉണ്ടാവുന്നത് പോലുള്ള കുട്ടിതന്നെയാണ് ഈ കേസിലും എന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com