ശബരിമലയില്‍ തിരുപ്പതി മോഡല്‍ വിമാനത്താവളം നിര്‍മ്മിക്കും ; വികസന പദ്ധതികളുടെ വേഗം കൂടിയെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 08:25 PM |
Last Updated: 24th January 2019 08:25 PM | A+A A- |
തിരുവനന്തപുരം : ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുപ്പതി മോഡലിലാവും വിമാനത്താവളം. ഏറ്റവും മികച്ച തീര്‍ത്ഥാടന കാലമായിരുന്നു ഇത്തവണ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേഗത വര്‍ധിച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചതായും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. മലയോര- തീരദേശ ഹൈവേകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാനം 10,000 കോടി രൂപ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കോവളം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാത 2020 ആകുമ്പോള്‍ യാഥാര്‍ത്ഥ്യമാവും. 600 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം ലേലത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കും. അതിവേഗ റെയില്‍പ്പാത നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഭൂമിയേറ്റെടുക്കുന്നതില്‍ നിരവധി സങ്കീര്‍ണതകള്‍ ഉണ്ട്. എന്നാല്‍ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി ഒരു സെമി ഹൈ-സ്പീഡ് പാത നിര്‍മ്മിക്കുന്നതിന് റെയില്‍വേയുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.