സ്‌കൂള്‍ വിദ്യാഭ്യാസം അടിമുറി മാറുന്നു ; എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടനകള്‍ പരിഷ്‌കരിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 01:22 PM |
Last Updated: 24th January 2019 02:25 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. ഇതുസംബന്ധിച്ച വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന് ശുപാര്‍ശ നല്‍കിയത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റാനുള്ളതാണ് ശുപാര്‍ശയില്‍ പ്രധാനപ്പെട്ടത്. വിദ്ഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം ഒന്നു മുതല്‍ ഏഴു വരെ ഒരു സ്ട്രീം ആയിരിക്കും. എട്ടു മുതല്‍ 12 വരെ രണ്ടാം സ്ട്രീം.
ഡോ. എംഎ ഖാദര്‍ അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറിയത്. ഒന്നു മുതല്‍ 12 വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കണം എന്നതാണ് പ്രധാനശുപാര്‍ശ. ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ എന്നാകും പുതിയ പേര്. ഇപ്പോള്‍ ഇത് മൂന്ന് ഡയറക്ടറേറ്റുകളുടെ ചുമതലയിലാണുള്ളത്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, ടെക്‌നിക്കല്‍ വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഡയറക്ടറേറ്റ് എന്നിവയ്ക്കാണ് നിലവില്‍ ചുമതലയുള്ളത്.
കൂടാതെ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ ഒരു പ്രിന്‍സിപ്പലും, ഹയര്‍ സെക്കന്‍ഡറിക്ക് മറ്റൊരു പ്രിന്‍സിപ്പലും എന്ന സ്ഥിതിയുണ്ട്. ഇതുമാറ്റി സ്‌കൂളുകളില്‍ ഒറ്റ പ്രിന്‍സിപ്പല്‍ മതിയെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയിലും സമിതി മാറ്റങ്ങള്‍ നിര്‍ദേശിപ്പിക്കുന്നുണ്ട്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദവും ബിഎഡും നിര്‍ബന്ധമാക്കണം. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും ബിഎഡും നിര്‍ബന്ധമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.