ആ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുത്, ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നു: വെളിപ്പെടുത്തലുമായി അന്‍ലിയയുടെ പിതാവ്

തനിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കഴിയുന്ന രീതിയില്‍ അന്‍ലിയ കുറിച്ചിട്ടിരുന്നു.
ആ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുത്, ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നു: വെളിപ്പെടുത്തലുമായി അന്‍ലിയയുടെ പിതാവ്

കൊച്ചി: കൊച്ചിയില്‍ അന്‍ലിയ എന്ന പെണ്‍കുട്ടി പുഴയില്‍ച്ചാടി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പിതാവ്. വീട്ടില്‍ നിന്നാല്‍ അവര്‍ എന്നെ കൊല്ലും പോകാതെ പറ്റില്ലെന്ന് സഹോദരന് അയച്ച അവസാന സന്ദേശങ്ങളാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി അന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകളുടെ സൂചനകള്‍ നല്‍കിയത്. 

തനിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കഴിയുന്ന രീതിയില്‍ അന്‍ലിയ കുറിച്ചിട്ടിരുന്നു. വരകളിലൂടെയും അന്‍ലിയ തനിക്ക് നേരെ നടന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് വിശദമാക്കിയിരുന്നു. മകളുടെ മരണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടു നിന്നെന്ന ഗുരുതര ആരോപണവും പിതാവ് ഹൈജിനസ് ഉയര്‍ത്തി. 

മകളുടെ ജീവിതത്തില്‍ ഈ വൈദികന്‍ ഇടപെട്ടിരുന്നെന്ന് പിതാവ് ആരോപിക്കുന്നു. മകള്‍ ഹോസ്റ്റലില്‍ ജീവിച്ച കുട്ടിയാണ് അഹങ്കാരിയാണെന്ന് വൈദികന്‍ ആരോപിച്ചിരുന്നെന്നാണ് പിതാവ് പറയുന്നത്. ആ വൈദികനെ ഇനി മേലാല്‍ വീട്ടില്‍ കയറ്റരുതെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി ആന്‍ലിയയുടെ പിതാവ് പറയുന്നു. 

അന്‍ലിയയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ  ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഎം ജസ്റ്റിനെതിരെ പൊലീസ് കേസൈടുത്തിട്ടുണ്ട്.  

സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. 

ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വൈദികന്‍ ഇടപെട്ടുവെന്ന ആരോപണവുമായി യുവതിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തുന്നത്. ജസ്റ്റിന്‍ കീഴടങ്ങിയതിനു ശേഷവും വൈദികന്‍ അനുനയ ശ്രമങ്ങളുമായി എത്തിയെന്നും പിതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com