ആയിരം ദിവസങ്ങള്‍ക്കിടെ ഒരു ലക്ഷം പട്ടയം വിതരണം ചെയ്തു ; റെക്കോഡ് നേട്ടമെന്ന് മുഖ്യമന്ത്രി

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്
ആയിരം ദിവസങ്ങള്‍ക്കിടെ ഒരു ലക്ഷം പട്ടയം വിതരണം ചെയ്തു ; റെക്കോഡ് നേട്ടമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെക്കോഡ് നേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്. 2011 ജൂണ്‍ മുതല്‍ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. ഇതില്‍ 39,788 പട്ടയം സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ പെടുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്. അധികാരമേറ്റ് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം പട്ടയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്‌തെന്ന റെക്കോര്‍ഡ് നേട്ടം സര്‍ക്കാര്‍ സ്വന്തമാക്കി. 2011 ജൂണ്‍ മുതല്‍ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. ഇതില്‍ 39,788 പട്ടയം സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ പെടുന്നതാണ്. അഞ്ചു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിന് അടുത്ത് മൂന്നു വര്‍ഷത്തിനകം എത്താനായതാണ് സര്‍ക്കാറിനും റവന്യൂ വകുപ്പിനും അഭിമാനമേകുന്നത്.

ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ദീര്‍ഘകാലമായി പട്ടയം കാത്തിരുന്നവരാണ് ഇപ്പോള്‍ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും. ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ് ആയിരം ദിനങ്ങള്‍ക്കുള്ളിലെ പട്ടയവിതരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com