ഉപ്പുസത്യാഗ്രഹം നടത്തിയതുകൊണ്ട് നികുതി കുറച്ചോ?; ബിജെപിയുടെ ശബരിമല സമരം വിജയമെന്ന് പിഎസ് ശ്രീധരന്‍പിള്ള

അധികാരരാഷ്ട്രീയത്തെക്കാള്‍ താത്പര്യം പാര്‍ട്ടി പ്രവര്‍ത്തനമാണെന്ന് പിഎസ് ശ്രീധരന്‍പിള്ള - സംസ്ഥാന പ്രസിഡന്റായതുകൊണ്ട് മത്സരിക്കാന്‍ തടസ്സമില്ല 
ഉപ്പുസത്യാഗ്രഹം നടത്തിയതുകൊണ്ട് നികുതി കുറച്ചോ?; ബിജെപിയുടെ ശബരിമല സമരം വിജയമെന്ന് പിഎസ് ശ്രീധരന്‍പിള്ള


തൃശൂര്‍:  ബിജെപി സംസ്ഥാന പ്രസിഡന്റായതുകൊണ്ട് മത്സരിക്കാന്‍ തടസ്സമില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള. അധികാരരാഷ്ട്രീയത്തെക്കാള്‍ താത്പര്യം പാര്‍ട്ടി പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം അദ്ദേഹത്തിനോടാണ് ചോദിക്കേണ്ടത്. രാഷ്ട്രീയത്തിന് അതീതമായ സ്ഥാനത്തിരിക്കുന്ന ആളുകളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല. കുമ്മനം മത്സരിക്കണമോ എന്ന കാര്യത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ പറയുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധതബാധിച്ചവര്‍ക്ക് മാത്രമെ കഴിയൂ. ശരിയായ കാഴ്ച ഉള്ളവര്‍ക്ക് അത് പരാജയമാണെന്ന് പറയാന്‍ കഴിയില്ല. വെള്ളാപ്പള്ളി പോലും പറഞ്ഞത് സമരം വിജയമാണെന്നാണ്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ ചിലര്‍ സമരം പരാജയമാണെന്ന് പറയുകയാണ്. അതിനെ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും ശ്രീധര്‍പിള്ള പറഞ്ഞു. 

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ രഥയാത്ര, ഒപ്പുശേഖരണം, സെക്രട്ടേറിയേറ്റിന് മുന്‍പിലെ നിരാഹാരസമരം തുടങ്ങിയവയെല്ലാം വന്‍ വിജയമായിരുന്നു. ശബരിമല വിഷയം പുറം ലോകം അറിഞ്ഞത് ബിജെപി സമരം ഏറ്റെടുത്തതിന് പിന്നാലെയാണ്. ബിബിസി ചര്‍ച്ചകള്‍ നടത്തിയതും അങ്ങനെയാണ്. ജനങ്ങളെ അറിയിക്കുക എന്നതാണ് ഒരു സമരത്തിന്റെ ലക്ഷ്യം. ഞങ്ങള്‍ സമരം ചെയ്യുമ്പോഴെക്കും പിണറായി വിജയന്‍ ഇറങ്ങി വന്ന് ഇതാ ബിജെപിക്കാരാ കൈതരുന്നു എന്ന് പറഞ്ഞ്് ഞങ്ങളെ ആശീര്‍ വദിക്കുമോ, ഉപ്പുസത്യാഗ്രഹം നടത്തി എന്നിട്ട് നികുതി കുറച്ചോ, സമരങ്ങളെല്ലാം ജനങ്ങളെ ബോധവത്കരിക്കാനാണ്.  ഭരണകൂടത്തിനെതിരായ ഏത് സമരവും അങ്ങനെയാണ്. ആ നിലയില്‍ ഞങ്ങളുടെ സമരം വിജയമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com