കോലിയക്കോടിന്റെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചത് കോടിയേരിയുടെ അറിവോടെ; ജലീലിന്റെ ബ്ലാക്ക് മെയില്‍ ഇതിന്റെ പേരിലെന്ന് പികെ ഫിറോസ്

ബന്ധു നിയമനത്തിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടി വന്നാല്‍ തന്റെ വകുപ്പിന് കീഴില്‍ താനറിയാതെ നടത്തിയ നിയമനം വലിയ ചര്‍ച്ചയാകുമെന്നാണ് കെടി ജലീല്‍ കോടിയേരിയുടെ മുന്നില്‍ പ്രചരിപ്പിക്കുന്ന വാദം
കോലിയക്കോടിന്റെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചത് കോടിയേരിയുടെ അറിവോടെ; ജലീലിന്റെ ബ്ലാക്ക് മെയില്‍ ഇതിന്റെ പേരിലെന്ന് പികെ ഫിറോസ്

കോഴിക്കോട്: സിപിഎമ്മിനെതിരെ വീണ്ടും ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയൊണെന്ന് ഫിറോസ് ആരോപിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെ കെടി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. ബന്ധു നിയമനത്തിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടി വന്നാല്‍ തന്റെ വകുപ്പിന് കീഴില്‍ താനറിയാതെ നടത്തിയ നിയമനം വലിയ ചര്‍ച്ചയാകുമെന്നാണ് കെടി ജലീല്‍ കോടിയേരിയുടെ മുന്നില്‍ പ്രചരിപ്പിക്കുന്ന വാദം. ഇത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുമെന്ന ജലീലിന്റെ ഭീഷണിയെ തുടര്‍ന്നാണ് മന്ത്രിസ്ഥാനത്ത് തുടരുന്നതെന്ന് ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രന്‍ ഡിഎസ് നീലകണ്ഠനെ ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ ഡയറക്ടറായാണ് നിയമിച്ചത്. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതിയില്ലാതെയായിരുന്നു നിയമനം. മാസം ഒരുലക്ഷത്തിലേറെയാണ് ശമ്പളമെന്നും ഫിറോസ് പറഞ്ഞു. നിയമനം നടത്തിയത് കോടിയേരിയുടെ വ്യക്തി താത്പര്യമാണോ പാര്‍ട്ടി താത്പര്യമാണോയെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കണം. ജോലി കിട്ടിയ ശേഷം ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ എന്തെങ്കിലും അദ്ദേഹം നടത്തിയിട്ടുണ്ടോയെന്ന വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് ഒന്നും ചെയ്തിട്ടില്ലെന്നാണ് മറുപടി കിട്ടിയത്. എന്തിനാണ് ഒന്നും ചെയ്യാത്ത ഒരാള്‍ക്ക് ഭാരിച്ച തുക ശമ്പളം നല്‍കി നിയമനം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. മതിയായ യോഗ്യതയില്ലാഞ്ഞിട്ടും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണ് നിയമനം നടത്തിയതെന്നും ഫിറോസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ ഒരു വര്‍ഷം എന്നതാണ് കരാര്‍. എന്നാല്‍ അഞ്ചുവര്‍ഷത്തേക്കാണ് ഇയാളെ നിയമനം നടത്തിയിരിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com