ബിഡിജെഎസിന് നാലു സീറ്റ് നല്‍കാന്‍ ധാരണ, ശബരിമല സമരത്തെച്ചൊല്ലി തര്‍ക്കം; അപഹാസ്യമായെന്ന് ബിജെപി യോഗത്തില്‍ വിമര്‍ശനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ബിജെപി നേതൃയോഗത്തില്‍ ധാരണ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ബിജെപി നേതൃയോഗത്തില്‍ ധാരണ. സീറ്റുകള്‍ ഏതൊക്കെയെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി. ബിജെപിയുടെ ശബരിമല സമരത്തെച്ചൊല്ലി യോഗത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ചോദ്യം ചെയ്തു. എട്ടു സീറ്റ് ആവശ്യപ്പെട്ട നടപടി അധികപ്രസംഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബിഡിജെഎസിന് ഏതൊക്കെ സീറ്റു നല്‍കും എന്നതു സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തും. എന്‍ഡിഎ നേതൃയോഗത്തിലായിരിക്കും അന്തിമ തീരുമാനം. ബിഡിജെഎസിന് ഏതൊക്കെ സീറ്റു നല്‍കും എന്നതില്‍ ധാരണയായതിനു ശേഷമാവും ബിജെപി സീറ്റു ചര്‍ച്ചകളിലേക്കു കടക്കുക എന്നാണ് വിവരം.

ശബരിമല സമരത്തെച്ചൊല്ലി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം നടന്നു. സമരം ബിജെപിയെ അപഹാസ്യമാക്കിയെന്ന് വി മുരളീധരന്‍ പക്ഷം കുറ്റപ്പെടുത്തി. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിലോ എങ്ങനെ അവസാനിപ്പിക്കണം എന്നതിലോ നേതാക്കള്‍ക്കു പോലും ധാരണയുണ്ടായിരുന്നില്ലെന്ന് മുരളീധരന്‍ പക്ഷത്തെ നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സമരം കൊണ്ടുണ്ടായ നേട്ടം. സമരത്തിന്റെ ലക്ഷ്യങ്ങളായി നേതാക്കള്‍ തന്നെ പല രീതിയില്‍ സംസാരിച്ചത് പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ സമരം വിജയമായിരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. ശബരിമല വിഷയം സജീവമാക്കി നിര്‍ത്താന്‍ സമരം ഉപകരിച്ചു. സമരത്തിന്റെ വിജയപരാജയം വിലയിരുത്തുമ്പോള്‍ എത്രമാത്രം ആശയപ്രചരണത്തിനു സാധിച്ചു എന്നതു കൂടി കണക്കിലെടുക്കണമെന്ന് ഇവര്‍ പറഞ്ഞു. പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്ന വിഭാഗം സമരം വിജയമായിരുന്നുവെന്ന അഭിപ്രായത്തോടു യോജിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com