മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ; കാരണമായത് കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മറ്റൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്
മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ; കാരണമായത് കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍

മലപ്പുറം:മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം പാപ്പിനിപ്പാറ യത്തീംഖാനയിലെ അന്തേവാസികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മറ്റൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

ജാമിഅ ഹികമിയ്യ ഓര്‍ഫനേജ് ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥികളാണ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും. ഡിഫ്തീരിയയെ പ്രതിരോധിക്കാന്‍ അഞ്ച് വയസിനകം നല്‍കേണ്ട ഡിപിറ്റി കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് ലഭിക്കാതിരുന്നതാണ് രോഗം ബാധിക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. 16നാണ് പനിയും തൊണ്ടവേദനയും കാരണം രണ്ട് വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയച്ചെങ്കിലും അസുഖം കൂടിയതോടെ നടത്തിയ സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

എന്നാല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ നില തൃപ്തികരമാണെന്നും ഡി.എം.ഒ കെ.സക്കീന പറഞ്ഞു.രോഗം സ്ഥിരീകരിച്ചതോടെ അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ 250 കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇതേ കാമ്പസിലെ മറ്റൊരു സ്ഥാപനത്തില്‍ 500ഓളം വിദ്യാര്‍ത്ഥികളുമുണ്ട്. ഡിഫ്തീരിയ വായുവിലൂടെ പകരാമെന്നതും ഇവരില്‍ പലരും നേരത്തെ പൂര്‍ണ്ണ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com