നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റവതരണം 31 ന്, ലോക കേരള സഭ ദുബൈയില്‍ തന്നെയെന്ന് സ്പീക്കര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2019 06:43 AM |
Last Updated: 25th January 2019 06:43 AM | A+A A- |

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഈ മാസം 31 നാണ് ബജറ്റ് അവതരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനാവും സര്‍ക്കാരിന്റെ തീരുമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ചിന് മുമ്പ് വിജ്ഞാപനം വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സമ്പൂര്‍ണ ബജറ്റ് പാസാക്കാമെന്ന സര്‍ക്കാര്‍ ലക്ഷ്യം നടക്കാനിടയില്ല. ഫെബ്രുവരി ഏഴ് വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ കാലാവധി.
നാളെയും മറ്റന്നാളും പൊതുജനങ്ങള്‍ക്ക് നിയമസഭാ മ്യൂസിയം സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. നിയമസഭ, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവ ചേര്‍ന്ന് നടത്തിയ ഭരണഘടനാ സാക്ഷരതാ സംഗമവും നാളെ നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കാനെത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 23 മുതല്‍ 25 വരെ നടക്കും. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്.
ലോക കേരള സഭയുടെ മേഖലാ സമ്മേളനം ദുബൈയില്‍ വച്ച് തന്നെ നടക്കുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനും പങ്കെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പണം ഇതിന് ചെലവഴിക്കുന്നില്ല. ദുബൈയില്‍ രൂപീകരിച്ച സംഘാടക സമിതിയാണ് ഇതിന് വേണ്ട സാമ്പത്തികം കണ്ടെത്തുന്നത്. ഫെബ്രുവരി 15,16 തിയതികളിലേക്കാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.