സിപിഎം ജില്ലാ ഓഫിസ് റെയ്ഡ്: ഡിസിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രിയും
By സമകാലികമലയാളം ഡെസ്‌ക് | Published: 25th January 2019 10:57 PM |
Last Updated: 25th January 2019 10:58 PM | A+A A- |
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ ഓഫിസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയും രംഗത്തെത്തി. ഡിസിപിയുടെ ചുമതല വഹിക്കുന്ന എസ്പി ചൈത്ര തെരേസ ജോണിനോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം തേടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
റെയ്ഡ് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാനായാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പക്ഷേ റെയ്ഡില്‍ ആരെയും പിടികൂടാനായില്ല.
ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞത്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ ചിലര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാര്‍ട്ടി ഓഫീസില്‍ അര്‍ധ രാത്രി റെയ്ഡിനെത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ പൊലീസുദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീടു വഴങ്ങുകയായിരുന്നു.