എലിവേറ്റഡ് ഹൈവേ അപ്രായോഗികം; ചെലവു മൂന്നിരട്ടി, കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് കലക്ടര്‍

ദേശീയപാത 66ല്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ 23.5 മീറ്റര്‍ മേല്‍പ്പാത പ്രായോഗികമല്ലെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ദേശീയപാത 66ല്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ 23.5 മീറ്റര്‍ മേല്‍പ്പാത പ്രായോഗികമല്ലെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. എലിവേറ്റഡ് ഹൈവേയ്ക്കു മൂന്നിരട്ടി ചെലവു വരുമെന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

100 വര്‍ഷത്തേക്കാണ് എലിവേറ്റഡ് ഹൈവേ വിഭാവനം ചെയ്യുന്നത്. അത് ആറ് വരി പാതയായി പണിയേണ്ടി വരും. കൂടാതെ മീഡിയനും നടപ്പാതയും പണിയണം. ഇപ്പോള്‍ ഏറ്റെടുക്കുന്ന 45 മീറ്ററിനേക്കാള്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 4 വരി പാത നിര്‍മ്മിക്കുന്നതിന് ഒരു കിലോ മീറ്ററിന് 34. 59 കോടി രൂപ ചെലവ് വരുമ്പോള്‍ എലിവേറ്റഡ് ഹൈവേയ്ക്ക് 95.14 കോടി രൂപ ചെലവ് വരും. 

ദേശീയപാത ആക്ട് 1956, ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ടും ചട്ടങ്ങളും 2013 എന്നിവ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 1956ലെ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരവും മറ്റ് പാക്കേജുകളും 2013ലെ ആക്ട് പ്രകാരം നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പാസാക്കിയിട്ടുള്ളത് 2015 ആഗസ്റ്റ് 28 ലെ ഇന്ത്യാ ഗസറ്റില്‍ 1834 ാം നമ്പറായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. 

ഏറ്റെടുക്കുന്ന ഭൂമിക്ക് കോര്‍പ്പറേഷന്‍ /  മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 100 ശതമാനവും പഞ്ചായത്തുകളില്‍ 120 ശതമാനം നഷ്ടപരിഹാരം ലഭിക്കും. വീടിനും കെട്ടിടങ്ങള്‍ക്കും പഴക്കം കണക്കിലെടുക്കാതെ എല്ലാ പ്രദേശങ്ങളിലും നഷ്ടപരിഹാരം ലഭിക്കും. നോട്ടിഫിക്കേഷന്‍ വന്ന തീയതി മുതല്‍ തുക നല്‍കുന്നത് വരെ മൊത്തം തുകയ്ക്ക് 12 ശതമാനം പലിശയും ലഭിക്കും. വ്യാപാരികളുടെയും വാടകക്കാരുടെയും നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രകാരം നടപടി സ്വീകരിക്കും. വീടുകളും  കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നിലവിലുള്ള പഞ്ചായത്ത്   /നഗരസഭ കെട്ടിട നിയമപ്രകാരം അനുമതി നല്‍കും. പാതയോരത്ത് നിന്ന് 80 മീറ്റര്‍ ദൂരത്തില്‍ നിര്‍മാണങ്ങള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com