കയ്യൂക്കു കൊണ്ട് വിധി അട്ടിമറിക്കരുത് ; വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയാല്‍ പിഴ ; സഭാതര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി

അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചിലവ് ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി
കയ്യൂക്കു കൊണ്ട് വിധി അട്ടിമറിക്കരുത് ; വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയാല്‍ പിഴ ; സഭാതര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി : സഭാ തര്‍ക്കത്തില്‍ കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. തൃശൂര്‍ ചാലിശ്ശേരി സെന്റ്പീറ്റേഴ്‌സ് പള്ളിക്കേസില്‍ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പള്ളിത്തര്‍ക്കത്തില്‍ സഭകള്‍ക്ക് കര്‍ശന താക്കീത് നല്‍കിയത്. 

അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചിലവ് ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇതടക്കം കര്‍ശന പടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കയ്യൂക്ക് കൊണ്ട് കോടതി വിധി മറികടക്കാമെന്ന് വിചാരിക്കേണ്ടെന്നും കോടതി വ്യക്തമാക്കി. 

തൃശൂര്‍ ചാലിശ്ശേരി പള്ളി ഉടമസ്ഥതയുമായി ബന്ധപ്പെട്ട് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം തര്‍ക്കം നിലനിന്നിരുന്നു. ഈ കേസില്‍ മലങ്കര സഭക്ക് കീഴില്‍ വരുന്ന എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ വീണ്ടും ഹര്‍ജിയുമായി യാക്കോബായ വിഭാഗം സമീപിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. 

പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച് യാക്കോബായ വിഭാഗം നേരത്തെ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പ്രത്യേക കോടതി തള്ളുകയും ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് യാക്കോബായ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വിധി പുറപ്പെടുവിച്ചത്. കേസ് ഒരു തവണ തീര്‍പ്പാക്കിയതാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com