ബിജെപി സ്ഥാനാര്‍ഥി പട്ടിക; സമ്മതം മൂളാതെ മോഹന്‍ലാല്‍, പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല
ബിജെപി സ്ഥാനാര്‍ഥി പട്ടിക; സമ്മതം മൂളാതെ മോഹന്‍ലാല്‍, പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുവാനുള്ള ബിജെപി സമ്മര്‍ദ്ദത്തില്‍ അയയാതെ മോഹന്‍ലാല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട കഥകളൊന്നും അറിയില്ലെന്ന് സുരേഷ് ഗോപിയും വ്യക്തമാക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹം ബിജെപിയുമായി അടുക്കുന്നു എന്ന നിലയിലെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ട്രസ്റ്റിന്റെ പേരിലുള്ള ആവശ്യങ്ങള്‍ക്കാണ് മോഹന്‍ലാല്‍ അന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ആ അഭ്യൂഹങ്ങള്‍ മോഹന്‍ലാലിന്റെ പേര് ബിജെപി സ്ഥാനാര്‍ഥി പട്ടികയിലേക്കും എത്തിച്ചു. 

തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മത്സരിക്കാന്‍ താത്പര്യം ഇല്ലെന്ന് വിവരം ബിജെപിയെ മോഹന്‍ലാല്‍ അറിയിച്ചതായിട്ടാണ് സൂചനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള തിരക്കുകളിലാകും തിരഞ്ഞെടുപ്പ് സമയം താരം. എന്നാല്‍ പ്രധാനമന്ത്രി വഴി സമ്മര്‍ദ്ദം ചെലുത്തി മോഹന്‍ലാലിനെ അങ്കത്തട്ടിലേക്ക് ഇറക്കുവാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായേക്കുമെന്നാണ് സൂചന. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ രാജ്യസഭാ അംഗമാക്കണം എന്ന ബിജെപിയില്‍ ഉയര്‍ന്ന ആവശ്യത്തോടും മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മൂന്നേകാല്‍ വര്‍ഷം കൂടി രാജ്യസഭാ അംഗമായി തുടരാനാവുമെന്നും, എവിടെ ആര് മത്സരിക്കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com