മുനമ്പത്തേത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് ഐജി; മൂന്ന് പേർ പിടിയിൽ; എൽടിടിഇ ബന്ധം സ്ഥിരീകരിച്ചിട്ടില്ല

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പൊലീസ്. കേസിൽ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ
മുനമ്പത്തേത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് ഐജി; മൂന്ന് പേർ പിടിയിൽ; എൽടിടിഇ ബന്ധം സ്ഥിരീകരിച്ചിട്ടില്ല

കൊച്ചി: മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പൊലീസ്. കേസിൽ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 12ന് മുനമ്പം തീരത്ത് നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക്  കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ഡൽഹിയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജരായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തിന്‌ പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐജി പറഞ്ഞു. അതേസമയം 2013ൽ മുനമ്പത്തു നിന്ന് 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പ്രഭാകരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്ത്യൻ പാസ്പോർട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട്, എമിഗ്രേഷൻ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ  കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ ഇനി പിടിയിലാകാനുള്ള ശെൽവൻ, രവീന്ദ്ര, ശ്രീലങ്കൻ പൗരനായ ശ്രീകാന്തൻ എന്നിവരും കേസിലെ മുഖ്യ ഇടനിലക്കാരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com