സെന്‍കുമാര്‍ അഭിപ്രായം പറയേണ്ട ആളാണോ ?; ബിജെപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ശ്രീധരന്‍പിള്ള
By സമകാലിക മലയാളം ഡെസ്ക് | Published: 26th January 2019 03:08 PM |
Last Updated: 26th January 2019 03:08 PM | A+A A- |
തിരുവനന്തപുരം : ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ള. വിഷയത്തില്‍ ബിജെപി മറുപടി പറയേണ്ട കാര്യമില്ല. പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തവരാണ് മറുപടി നല്‍കേണ്ടത്. നമ്പി നാരായണന് പുരസ്കാരം നല്‍കിയത് രാഷ്ട്രപതിയാണ്. ഈ വിഷയത്തില്‍ സെന്‍കുമാര്‍ അഭിപ്രായം പറയേണ്ട ആളാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കാന്‍ എന്ത് സംഭാവനയാണ് നമ്പി നാരായണന് നല്‍കിയതെന്നായിരുന്നു ടിപി സെന്‍കുമാറിന്റെ ആരോപണം. പുരസ്കാരം നല്കിയവര് തന്നെ ഇതിന് മറുപടി പറയണം. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന് രാജ്യത്തിന് നല്‍കിയിട്ടില്ല. ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ. അദ്ദേഹത്തെ പത്മ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്നം നല്കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദരിക്കുന്നത് എങ്ങനെയാണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് എല്ലാവര്ക്കും കൃത്യമായി അറിയാം. 24 വര്‍ഷം മുന്‍പുള്ള സിബിഐയോട് ചോദിച്ചാല്‍ എല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.