ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; വേണ്ടത് യുവാക്കളുടെ പ്രാതിനിധ്യം; നിലപാട് വ്യക്തമാക്കി എംഎ ബേബി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; വേണ്ടത് യുവാക്കളുടെ പ്രാതിനിധ്യം; നിലപാട് വ്യക്തമാക്കി എംഎ ബേബി

കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍ വേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി ഉടന്‍ പുറത്തിറക്കുമെന്നും ബേബി വ്യക്തമാക്കി. ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിച്ച എംഎ ബേബി, ആര്‍എസ്പിയുടെ എന്‍കെ പ്രമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. 

എംഎ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരിക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. അതിന് ശേഷം സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തും. ഇപ്പോള്‍ അക്കാര്യങ്ങളില്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. കേന്ദ്ര തലത്തില്‍ സഖ്യം തീരുമാനിച്ചിട്ടില്ല. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും യെച്ചൂരി പറഞ്ഞു.

പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്രകാശ് കാരാട്ടും, ബൃന്ദ കാരാട്ടും വിജു കൃഷ്ണനും അടക്കമുള്ള നേതാക്കള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com