'ആക്ടിവിസ്റ്റുകളും പൊലീസുകാരും കയറിനിരങ്ങാന്‍ ശബരിമലയല്ല ; സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ ജേക്കബ് തോമസിന്റെ അനുഭവം' ; സിപിഎം ഓഫീസ് റെയ്ഡില്‍ അഡ്വ. ജയശങ്കര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2019 10:00 AM |
Last Updated: 27th January 2019 10:02 AM | A+A A- |
കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ റെയ്ഡിന് നേതൃത്വം നല്‍കിയ ചൈത്രയെ നേരത്തെ വഹിച്ചിരുന്ന വനിതാ സെല്ലിലേക്ക് മടക്കി അയക്കുകയും ചെയ്തു. അതിനിടെ ചൈത്ര തെരേസയെ അനുകൂലിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്. സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ ചൈത്രയ്ക്ക് ജേക്കബ് തോമസിന്റെ അനുഭവമുണ്ടാകുമെന്ന് അഡ്വ.ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്.
ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ഓര്‍മകളും ഉണ്ട്.
എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല.
സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.