കേരളം വെള്ളരിക്കാപ്പട്ടണമാവുന്നു; എവിടെ സാംസ്‌കാരിക നായകര്‍; പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ചോ?; വിടി ബല്‍റാം

പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്
കേരളം വെള്ളരിക്കാപ്പട്ടണമാവുന്നു; എവിടെ സാംസ്‌കാരിക നായകര്‍; പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ചോ?; വിടി ബല്‍റാം

പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥയെ പിന്തുണച്ചും പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും വിടി.ബല്‍റാം എംഎല്‍എ രംഗത്ത്. പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം വെള്ളരിക്കാപ്പട്ടണമായെന്നു ബല്‍റാം സമൂഹമാധ്യമത്തില്‍ ആരോപിച്ചു.

പൊലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസില്‍ റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ ഉടനടി മാറ്റിയിരുന്നു. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പ് വിശദീകരണം തേടി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ബല്‍റാമും രംഗത്തെത്തിയത്.

വി.ടി.ബല്‍റാമിന്റെ കുറിപ്പ്

ബാലികയെ പീഡിപ്പിച്ചതിനു പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫിസിലേക്ക് സെര്‍ച്ച് വാറന്റുമായി ചെല്ലേണ്ടി വന്നത്. കര്‍ത്തവ്യ നിര്‍വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവര്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം.
പൊലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നതു മാത്രമല്ല, പൊലീസ് മേധാവിയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാല്‍ മുഖ്യമന്ത്രിയും ചേര്‍ന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാല്‍ ഇതെന്തുതരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്.
ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണു സിപിഎം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതി. എവിടെയാണ് ഇന്നാട്ടിലെ സാംസ്‌കാരിക നായകരൊക്കെ? വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ മറ്റാരുടെയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി 'ബാലകറാം' ആക്കി മാറ്റാന്‍ നടന്നവരൊക്കെ ഇപ്പോള്‍ പുകസ നല്‍കിയ ഏതോ പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com