നമ്പി നാരായണനെ കോണ്‍ഗ്രസ് കള്ളക്കേസില്‍ കുടുക്കി, തങ്ങള്‍ ആദരിച്ചു; കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നു: മോദി

നമ്പി നാരായണനെ കോണ്‍ഗ്രസ് കള്ളക്കേസില്‍ കുടുക്കി, തങ്ങള്‍ ആദരിച്ചു; കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നു: മോദി

തൃശൂര്‍: നമ്പി നാരായണനെ കോണ്‍ഗ്രസ്  കള്ളക്കേസില്‍ കുടുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂരില്‍ യുവമോര്‍ച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയത്. തങ്ങള്‍ക്കിടയിലെ രാഷ്ട്രീയ വിദ്വേഷത്തിന് നമ്പി നാരായണനെ ഇരയാക്കുകയായിരുന്നു. ഇന്ന് ആ ശാസ്ത്രജ്ഞന് പത്മ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ സാധിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തേയും അപമാനിക്കുന്നു. നൂറ്റാണ്ടുകളിലൂടെ വിവിധ വെല്ലുവിളികളെ നേരിട്ട് വളര്‍ന്നുവന്ന സംസ്‌കാരത്തെ തകര്‍ക്കാന്‍ എന്തുകൊണ്ട് കമ്മ്യൂണ്സ്റ്റുകാര്‍ ശ്രമിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിവായി. ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് കേരളത്തില്‍ പറയുന്നത് മറ്റൊന്ന്, ഇനി അത് നടപ്പില്ല. 

സ്ത്രീ ശാക്തീകരണത്തിന് താത്പര്യമുണ്ടായിരുന്നെങ്കില്‍ മുത്തലാഖ് ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കില്ലായിരുന്നു. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ഇന്ത്യയില്‍ നിരവധി സ്ത്രീ മുഖ്യമന്ത്രിമാര്‍ വന്നിട്ടുണ്ട്. പക്ഷേ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമോ?- പ്രധാനമന്ത്രി ചോദിച്ചു. 

പ്രതിപക്ഷത്തിന്റെ പ്രധാന പരിപാടി  രാവിലെ എഴുന്നേറ്റാല്‍ മുതല്‍ രാത്രി ഉറങ്ങുന്നതുവരെ മോദിയെ ആക്ഷേപിക്കല്‍ മാത്രമാണ്. എന്നെ അപമാനിച്ചോളു പക്ഷേ ഈ നാടിന്റെ കാര്‍ഷകരെ തെറ്റിദ്ധരിപ്പിക്കരുത്.  ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വേണ്ടി അവസരമുണ്ടാക്കുന്നതിന് തടസ്സം നില്‍ക്കാന്‍ എന്നെ അധിക്ഷേപിക്കുന്നത് ഉപയോഗിക്കരുത്. പാവപ്പെട്ടവരെ ഉപദ്രവിക്കാന്‍ ഇതൊരു മാര്‍ഗമായി കണക്കാക്കരുത്. ഈ നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കരുത്. മഹത്തായ നമ്മുടെ നാടിനെ ആക്ഷേപിക്കാന്‍ ഈ വഴി സ്വീകരിക്കരുത്- മോദി പറഞ്ഞു. 

പ്രതിപക്ഷത്തിന് ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു മതിപ്പുമില്ല. സായുധ സേനയാകട്ടെ, പൊലീസ് സംവിധാനങ്ങളാകട്ടെ, സിബിഐ ആകട്ടെ എല്ലാം തെറ്റായ പാതയില്‍ ആണ് പോകുന്നത് എന്നാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ചോദ്യം ചെയ്യുന്നു. വിദേശ മണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ചോദ്യം ചെയ്ത പൗരനൊപ്പം കണ്ടത് കോണ്‍ഗ്രസിന്റെ  പ്രമുഖ നേതാവിനെയാണ്. വിദേശ മണ്ണില്‍ പോയി നാട്ടിലെ ജനകീയ വിധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നമ്മുടെ രാഷ്ട്രീയം എത്തിനില്‍ക്കുന്നു എന്നത് ദുഃഖകരമായ അവസ്ഥയാണ്. കോണ്‍ഗ്രസ് ഇതിന് ജനങ്ങളോട് മറുപടി പറയണം- വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന അമേരികക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍ നടന്ന പത്രസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും വലിയ ശക്തി ജനാധിപത്യമാണ്. തെരഞ്ഞെടുപ്പ് വരും പോകും പക്ഷേ നാട് നിലനില്‍ക്കണം. മോദിയോടുള്ള അനിഷ്ടം കാരണം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിക്കുന്നു, ഭാരത സംസ്‌കാരത്തെ നശിപ്പിക്കുന്നുവെന്നും മോദി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com