പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി ; ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി നാടിന് സമര്‍പ്പിക്കും

കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി ; ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി നാടിന് സമര്‍പ്പിക്കും

കൊച്ചി : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് രണ്ടുമണിയോടെ പ്രധാനമന്ത്രിയെത്തിയത്. ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി വി എസ് സുനില്‍കുമാര്‍, മേയര്‍ സൗമിനി ജെയിന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.   

കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നടത്തും. ഇവിടെ മൂന്നര വരെ മോദി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

തുടര്‍ന്ന് വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. ഇവിടെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.

യന്ത്രത്തകരാര്‍ മൂലം വിമാനം വൈകിയതിനാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണരായി വിജയന് എത്തിച്ചേരാനായില്ല. പ്രധാനമന്ത്രിയുടെ ആദ്യത്തെ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് എത്താനാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രി കയറിയെങ്കിലും യന്ത്രത്തകരാര്‍ മൂലം വിമാനം തിരിച്ചിറക്കുകയായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തൃശൂരില്‍ നടക്കുന്ന രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com